വടകര: വിവാഹത്തിനുശേഷം അടുത്ത ദിനം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ നവവധുവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വടകര കരിപ്പാടം വാഴക്കാല (കുറത്തേപ്പറമ്പ്) സ്വദേശിനിയും രാജൻ–അംബിക ദമ്പതികളുടെ മകളുമായ അനുപ്രിയ (28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നോക്കിയപ്പോൾ യുവതിയെ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
വടയാർ കിഴക്കേക്കര സ്വദേശിയായ യുവാവുമായി കഴിഞ്ഞ നവംബർ 8-നായിരുന്നു അനുപ്രിയയുടെ വിവാഹം നടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
