കോഴിക്കോട്: വടകരയിലെ ആയഞ്ചേരിയിൽ വൻ മയക്കുമരുന്ന് വേട്ട. ബംഗളൂരുവിൽ നിന്നും കാറിൽ കടത്തിയ 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് നിസാർ (35) നെയാണ് റൂറൽ പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് പൊലീസിന് പ്രതിയെ നിരീക്ഷണത്തിലാക്കിയിരുന്നു. ബംഗളൂരുവിൽ നിന്നും ബൊലേനോ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് വാഹനത്തിലെ ഡോറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ, മേഖലയിൽ എം.ഡി.എം.എ വിതരണം നടത്തുന്ന പ്രധാന കണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡാൻസാഫ് സ്ക്വാഡ് പിടികൂടിയ നിസാറിനെ വടകര പൊലീസിന് കൈമാറി. അറസ്റ്റ് നടപടികൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മേഖലയിൽ ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പിടികൂടുന്നത് ഇതാദ്യമായാണ്.
നിസാർ മൊത്തം 260 ഗ്രാം എം.ഡി.എം.എയാണ് ബംഗളൂരുവിൽ നിന്നും കടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇതിൽ 100 ഗ്രാം മലപ്പുറത്ത് വിതരണം ചെയ്യണമെന്നുള്ള ഓഡിയോ സന്ദേശം പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചതായി പൊലീസ് അറിയിച്ചു.
കടത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
