Zygo-Ad

പേരാമ്പ്രയില്‍ സ്‌കൂള്‍ മൈതാനത്ത് അപകടകരമാവിധം കാറോടിച്ചത് 16കാരന്‍: കർശന നടപടിയുമായി എംവിഡി


കോഴിക്കോട്: പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് കളിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരേ കാര്‍ ഓടിച്ചു കയറ്റി സാഹസിക അഭ്യാസ പ്രകടനം നടത്തിയത് അതേ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയെന്ന് പൊലീസ്.

അന്വേഷണത്തിന് പിന്നാലെ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വാഹനത്തിന്റെ ആര്‍സി ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജോ. ആര്‍ടിഒ ടി.എം. പ്രഗീഷ് വ്യക്തമാക്കി. 

ലൈസന്‍സില്ലാതെ വാഹനം ഓടിച്ച വിദ്യാര്‍ഥിക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന ശുപാര്‍ശ ഗതാഗത കമ്മിഷണര്‍ക്ക് നല്‍കുമെന്നും എംവിഡി വ്യക്തമാക്കി.

ആര്‍സി ഉടമയും വിദ്യാര്‍ഥിയും പൊലീസ് സ്റ്റേഷനിലും ജോ. ആര്‍ടിഒ ഓഫീസിലും ഹാജരായി. വാഹന ഉടമയുടെ അടുത്ത ബന്ധുവാണ് വിദ്യാര്‍ഥിയെന്ന് പൊലീസ് പറഞ്ഞു. മനുഷ്യ ജീവന് അപായമുണ്ടാക്കുന്നവിധത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് പൊലീസും കേസെടുത്തിട്ടുണ്ട്. 

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും കേസെടുക്കും. ലൈസന്‍സില്ലാത്ത വിദ്യാര്‍ഥിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് ആര്‍സി ഉടമയ്‌ക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് സ്‌കൂള്‍ മൈതാനത്ത് ഫുട്ബോള്‍ പരിശീലനം നടത്തുകയായിരുന്ന കുട്ടികള്‍ക്കിടയിലൂടെ അപായകരമായ രീതിയില്‍ കാര്‍ ഓടിച്ചത്.

 കുട്ടികള്‍ നില്‍ക്കുന്നതിനിടയിലേക്ക് കാര്‍ പല തവണ അതിവേഗത്തില്‍ ഓടിച്ചു കയറ്റി. വാഹനത്തിന്റെ വരവു കണ്ട് കുട്ടികള്‍ ഭീതിയോടെ മൈതാനത്ത് ചിതറിയോടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

വളരെ പുതിയ വളരെ പഴയ