Zygo-Ad

തലശ്ശേരി ഒവി റോഡ് മേൽപാലം ജംക്ഷനിൽ ഹൈമാസ്റ്റ് തൂൺ അപകടാവസ്ഥയിൽ


 തലശ്ശേരി: ഒവി റോഡ് മേൽപാലം ജംക്ഷനിൽ വാഹനമിടിച്ചതിനെ തുടർന്ന് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂൺ അപകടാവസ്ഥയിലായി. തിരക്കേറിയ ജംക്ഷനിൽ ഉയരമുള്ള തൂൺ വശത്തേക്ക് ചരിഞ്ഞുനിൽക്കുന്നത് നാട്ടുകാരിലും യാത്രക്കാരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

തൂണിൽ ചെറുതും വലുതുമായ വാഹനങ്ങൾ ഇടിക്കുന്ന സംഭവം പതിവായതിനാൽ അപകടസാധ്യത കൂടുതലാണെന്നും പ്രദേശവാസികൾ പറയുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് പുലർച്ചെ ഹാസനിലേക്കുള്ള കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് നിയന്ത്രണം വിട്ട് വിളക്കുകാലിന്റെ അടിത്തറയിലിടിച്ചതോടെയാണ് തൂൺ കൂടുതൽ ഇളകിയത്. അപകടത്തിൽ ആറു ബസ് യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു.

രാത്രികളിൽ ഹൈമാസ്റ്റ് വിളക്കിന്റെ വെളിച്ചം പ്രതിഫലിച്ച് ഡ്രൈവർമാരുടെ കാഴ്ച മങ്ങുന്നതാണ് ഇവിടെ ആവർത്തിച്ച് അപകടങ്ങൾ സംഭവിക്കുന്നതിന് കാരണമെന്ന് ഡ്രൈവർമാർ വ്യക്തമാക്കുന്നു. ചരിഞ്ഞുനിൽക്കുന്ന തൂണിന് ഘടനാപരമായ ബലക്ഷയം ഉണ്ടോ എന്ന് പരിശോധിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ