തലശ്ശേരി:ചലച്ചിത്രമേളകളുടെ ഭൂപടത്തിൽ തലശ്ശേരിയെ അടയാളപ്പെടുത്തി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല താഴ്ന്നു. കഴിഞ്ഞ നാലു ദിവസങ്ങളായി ലോകസിനിമയുടെ മായാദൃശ്യങ്ങൾ മനസ്സിൽ പതിപ്പിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച പ്രഥമ തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനസമ്മേളനം നിറഞ്ഞ സദസ്സിൽ പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ..ആർ കേളു ഉദ്ഘാടനം ചെയ്തു.
നമ്മുടെ നാടിനെ ഇന്നത്തെ കേരളമായി മാറ്റിയെടുക്കാൻ സാധിച്ചതിൽ ചലച്ചിത്രം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അതിനെ ശക്തിയോടെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ അവാർഡ് ജേതാവ് നടൻ വിജയരാഘവനെ നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ ആദരിച്ചു. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ് എന്നിവർക്കുള്ള സംഘാടക സമിതിയുടെ സ്നേഹോപഹാരവും സ്പീക്കർ നൽകി.
തലശ്ശേരിയുടെ അഭിമാനമായ സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ 12-ാം ചരമവാർഷികദിനത്തിൽ പ്രണാമമർപ്പിച്ചുകൊണ്ട് സമാപന സമ്മേളന വേദിയിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അനുസ്മരണപ്രമേയം അവതരിപ്പിച്ചു.
കഴിഞ്ഞ വർഷം ലോകത്ത് നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച 55 ദൃശ്യവിസ്‌മയങ്ങൾ തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ മറ്റൊരു ലോകം തന്നെ തീർക്കുകയായിരുന്നു. മേളയുടെ ഭാഗമായി മലയാളത്തിന്റെ മഹാപ്രതിഭ എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിച്ച കാലം; മായാചിത്രങ്ങൾ എന്ന എക്‌സിബിഷൻ സംഘടിപ്പിച്ചു.
ചലച്ചിത്രപ്രവർത്തകർ പങ്കെടുത്ത സംവാദപരിപാടിയായ ഓപ്പൺ ഫോറം,സംഗീതപരിപാടി എന്നിവ മേളയുടെ മാറ്റുകൂട്ടി.
ലിബർട്ടി തിയറ്റർ സമുച്ചയത്തിലെ ലിറ്റിൽ പാരഡൈസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സനിൽ, എം കെ സെയ്‌തു, സി കെ രമ്യ, നിർമ്മാതാവ് ലിബർട്ടി ബഷീർ,
പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ബീനിഷ് കോടിയേരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി എം ദിനേശൻ, സംഘാടകസമിതി കൺവീനർമാരായ എസ് കെ അർജുൻ, ജിത്തു കോളയാട്, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി തുടങ്ങിയവർ പങ്കെടുത്തു.