കോഴിക്കോട്: 39 വർഷം മുമ്പ് നടന്ന കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതകത്തില്‍ രേഖാചിത്രം തയ്യാറാക്കി പൊലീസ് അന്വേഷണ സംഘം. കൊല്ലപ്പെട്ടു എന്ന് കരുതുന്ന ആളുടെ രേഖാ ചിത്രമാണ് പൊലീസ് തയ്യാറാക്കിയത്.
തിരുവമ്പാടി പൊലീസ് പ്രതിയായ മുഹമ്മദലിയെ കസ്റ്റഡിയില്‍ വാങ്ങിയാണ് രേഖാചിത്രം തയ്യാറാക്കിയത്
1986 ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ താൻ കൊന്നതാണെന്ന കുറ്റസമ്മതമാണ് കൂടരഞ്ഞി സ്വദേശിയായ മുഹമ്മദലി നടത്തിയത്.
മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തിയായിരുന്നു കുറ്റസമ്മതം. ഈ സംഭവത്തിലാണ് പൊലീസ് കൊല്ലപ്പെട്ട ആളുടെ രേഖാചിത്രം പുറത്തു വിട്ടത്.
ചിത്രവുമായി 80% ഓളം സാമ്യമുണ്ടെന്ന് പ്രതി മുഹമ്മദലി സമ്മതിച്ചു. പതിനാലാം വയസ്സിലാണ് അജ്ഞാത യുവാവിനെ തോട്ടിലേക്ക് ചവിട്ടിയിട്ട് കൊന്നതായി മുഹമ്മദാലി കുറ്റസമ്മതം നടത്തിയത്.
ഇത് സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രേഖാചിത്രം തയ്യാറാക്കിയത്.
പ്രതി മുഹമ്മദലിയുടെ മനോനില പൊലീസ് വിശദമായി പരിശോധിച്ചു. വിഷാദ രോഗത്തിന് മുമ്പ് മുഹമ്മദലി ചികിത്സ തേടിയെങ്കിലും, ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ മുഹമ്മദലിക്ക് ഇല്ലെന്ന് പൊലീസ് വിലയിരുത്തിയിട്ടുണ്ട്.
ഇതിനിടെ 1989ല്‍ താനും സുഹൃത്തും കൂടി ചേർന്ന് കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വച്ച് അജ്ഞാത വ്യക്തിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദലി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇരു കേസുകളിലും കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പൊലീസ് അന്വേഷണ സംഘം. രണ്ടു കേസുകളിലും കാലപ്പഴക്കം തന്നെയാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.