മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിനി കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇവരുടെ സുഹൃത്ത് വൈലത്തൂർ സ്വദേശിയാണ്.
എന്നാല്‍, ഒഴൂർ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ വീടിന് മുന്നില്‍ വാഹനം നിർത്തിയിടാനായി നിർമിച്ച താല്‍ക്കാലിക ഷെഡിനുള്ളിലാണ് കമീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജീവനൊടുക്കുന്നതിന് മുമ്പ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കമീല ഇൻസ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നും കമീല വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.