Zygo-Ad

ബേപ്പൂരില്‍ യുവാവിനെ മര്‍ദിച്ചതില്‍ പൊലീസ് വാദം പൊളിച്ച് ദൃശ്യങ്ങള്‍ പുറത്ത്; അനന്തു പിടിയിലായത് കഞ്ചാവ് ഉപയോഗിക്കുമ്പോഴല്ല


കോഴിക്കോട്: ബേപ്പൂരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് വാദം പൊളിയുന്നു. അനന്തു കഞ്ചാവ് വലിക്കുമ്പോള്‍ പിടികൂടിയെന്നായിരുന്നു പൊലീസിന്റെ വാദം.

എന്നാല്‍ അനന്തുവും സുഹൃത്തുക്കളും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് പൊലീസ് തടഞ്ഞിട്ട് പിടികൂടിയതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. 

ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തു വച്ചാണ് അനന്തുവും കൂട്ടുകാരും പിടിയിലാകുന്നത്. ശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും അനന്തുവിനെ സ്റ്റേഷനില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. 

ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിന് ബേപ്പൂര്‍ എസ്. ഐ ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നായിരുന്നു അനന്തുവിന്റെ പരാതി. 

പൊലീസ് മര്‍ദനത്തില്‍ അനന്തുവിന്റെ പുറത്തും കൈയ്ക്കും മൂക്കിന്റെ പാലത്തിലും പരുക്കുകള്‍ ഉണ്ടായി. സംഭവത്തില്‍ മുഖ്യമന്ത്രി, ഡിജിപി , ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ബേപ്പൂര്‍ പ്രൊബേഷണറി എസ്‌ഐക്ക് സ്ഥലം മാറ്റം നല്‍കിയിരുന്നു. തീവ്ര പരിശീലനത്തിനായി ജില്ലാ സായുധ ആസ്ഥാനത്തേക്കാണ് മാറ്റിയത്. 

എന്നാല്‍ ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചു എന്ന് കാണിച്ച്‌ അനന്തുവിന്റെയും സുഹൃത്തുക്കളുടെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ പൊലീസ് കണ്ടെത്തിയ വഴിയാണ് കള്ളകേസെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ