പെൻഷൻകാരുൾപ്പെടെ സദാസമയവും നൂറുകണക്കിനാളുകൾ ഇടപഴകുന്ന ട്രഷറിയിൽ പെരുമ്പാമ്പ്. ഇന്നലെ 3 മണിയോടെയാണ് നിറയെ ആളുകളുള്ള ഓഫിസിനകത്തെ ജനാലയിലെ ഇരുമ്പു കമ്പിയിൽ ചുറ്റിയ പെരുമ്പാമ്പിൻ കുഞ്ഞിനെ കണ്ടത്. ചലാൻ അടയ്ക്കാനെത്തിയ യുവാക്കളാണ് പാമ്പിനെ ആദ്യം കണ്ടത്. വനം വകുപ്പ് അധികൃതർക്ക് വിവരം നൽകി. പാമ്പ് പുറത്തു പോകാതിരിക്കാൻ ജീവനക്കാർ കാവൽ നിന്നു. ഇതിനിടയിൽ സമീപവാസിയായ ഒരാൾ എത്തി തൽക്കാലം ഇതിനെ ചാക്കിലേക്ക് മാറ്റി. 4 മണിയോടെ വനം വകുപ്പിന്റെ സർപ്പ വൊളന്റിയറെത്തി പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി സുരക്ഷിതമായി കൊണ്ടു പോയി. മഴ തുടങ്ങിയതോടെ ഓഫിസ് പരിസരത്തു വളർന്ന കുറ്റിക്കാട്ടിൽനിന്ന് ഓഫിസിലേക്കു കയറിയതാകാമെന്നാണ് കരുതുന്നത്.