കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ചു പേർ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഞായറാഴ്ച കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച രാത്രി പത്തേ കാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലൻസിനെ ഇവർ കാറില്‍ പിന്തുടരുകയായിരുന്നു.
രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളില്‍ നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.
വാഹന വ്യൂഹത്തിനിടയില്‍ കയറിയ ഇവരോട് പോലീസ് മാറിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. കോഴിക്കോട് ചുങ്കത്തു വെച്ച് പോലീസ് ഇവരുടെ വാഹനം തടയുകയും അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
ഇവർ കണ്ണൂർ, മലപ്പുറം, പാലക്കാട് സ്വദേശികളാണ്. വാഹനം ഇപ്പോഴും നടക്കാവ് പോലീസ് സ്റ്റേഷനിലാണുള്ളത്.