വടകര: ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്ന സമയത്ത് ഓടിച്ച ബൈക്കും ധരിച്ച വാച്ചും കണ്ണടയുമെല്ലാം ടി.പി. രക്തസാക്ഷി സ്ക്വയറില്‍ എത്തി.
ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആർഎംപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മംഗത്റാം പസ്ല വള്ളിക്കാടില്‍ നിർമിച്ച ടി.പി. സ്ക്വയർ ഉദ്ഘാടനം ചെയ്യും.
വള്ളിക്കാടില്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സ്ഥലത്തിന് തൊട്ടടുത്തായാണ് സ്ക്വയർ നിർമിച്ചത്. ഇവിടെയുള്ള മ്യൂസിയത്തിലാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പ്രദർശിപ്പിക്കുക. ഇതില്‍ പ്രധാനമാണ് ടി.പി.യുടെ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക്. കെഎല്‍ 18 എ 6395 നമ്പർ ബൈക്ക് നിയമ നടപടികളെല്ലാം കഴിഞ്ഞ ശേഷം കെ.കെ. രമ സ്വന്തമാക്കിയിരുന്നു. കണ്ണടയും വാച്ചും ബാഗുമെല്ലാം മ്യൂസിയത്തിലുണ്ട്. ശനിയാഴ്ചയാണ് ഇവ ഇവിടെ എത്തിച്ചത്. ആർഎംപിഐ പ്രവർത്തകരുടെയും നേതാക്കളുടെയും മനസ്സില്‍ ടി.പി.യുടെ ജ്വലിക്കുന്ന സ്മരണകള്‍ ഉണർത്തുന്നതായി ഇവയെല്ലാം. ഞായറാഴ്ച മുതല്‍ ഇത് സന്ദർശകർക്ക് കാണം.
ടി.പി.യുടെ പൂർണകായ പ്രതിമയും സ്ക്വയറിന്റെ മുൻവശത്തു തന്നെയുണ്ട്. ഇതിന്റെ അനാച്ഛാദനവും ഞായറാഴ്ച നടക്കും. കെ. ഗംഗാധർ, ഷിബു ബേബി ജോണ്‍, ഷാഫി പറമ്ബില്‍ എംപി, ജി. ദേവരാജൻ, ടി.എല്‍. സന്തോഷ്, സി.പി. ജോണ്‍, എൻ. വേണു. കെ.സി. ഉമേഷ് ബാബു, കെ. പ്രവീണ്‍കുമാർ, കെ.എസ്. ഹരിഹരൻ, കെ.കെ. രമ എംഎല്‍എ, കെ.എൻ.എ. ഖാദർ, പാറക്കല്‍ അബ്ദുള്ള, പി. കുമാരൻകുട്ടി എന്നിവർ പങ്കെടുക്കും.