കോഴിക്കോട് : കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നു പേർക്ക് രാജ്യം വിടാൻ നോട്ടീസ്. ഒരു കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ട് പേർക്കുമാണ് നോട്ടീസ്.
വ്യാപാരം, വിവാഹം ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ പാക് പൗരത്വം നേടിയ മലയാളികളാണ് മൂന്നു പേരും.
മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടു പോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ,വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്.
കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന ഇവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993-ലാണ് കേരളത്തില്‍ എത്തിയത്.
കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ് വടകരയില്‍ എത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024-ല്‍ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഇരുവരും പറയുന്നത്.
കേരളത്തില്‍ ജനിച്ച ഹംസ 1965ലാണ് തൊഴില്‍ തേടി പാകിസ്താനിലേക്ക് പോയത്. കറാച്ചിയില്‍ കട നടത്തിയിരുന്ന സഹോദരനൊപ്പമാണ് ഹംസ ജോലി ചെയ്തിരുന്നത്.
ബംഗ്ലാദേശ് വിഭജനത്തിന് ശേഷം 1972ല്‍ നാട്ടിലേക്ക് വരാൻ പാസ്പോർട്ട് ആവശ്യമായി വന്നപ്പോഴാണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്.
2007ല്‍ കച്ചവടം അവസാനിപ്പിച്ച് കേരളത്തില്‍ എത്തിയ ഹംസ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ഹംസയ്ക്ക് ലഭിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താൻ പൗരന്മാർക്കുള്ള വിസ ഇന്ത്യ റദ്ദാക്കിയിരുന്നു. പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദേശവും നല്‍കിയിരുന്നു.
27-നകം നാടുവിടാനാണ് പാക് പൗരന്മാർക്കുള്ള നിർദേശം. മെഡിക്കല്‍ വിസയിലെത്തിയവർക്ക് 29 വരെ സമയം നല്‍കിയിട്ടുണ്ട്.

