Zygo-Ad

ഷഹബാസിൻ്റെ മരണം തലയോട്ടി തകര്‍ന്ന്: പോസ്റ്റ്മോര്‍ട്ടത്തില്‍ നിര്‍ണായക കണ്ടെത്തല്‍


കോഴിക്കോട്:  താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മർദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച്‌ പോസ്റ്റ്മോർട്ടം പരിശോധന.

ഷഹബാസിൻ്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു, നെഞ്ചിനേറ്റ മർദ്ദനത്തില്‍ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോ‍ർട്ടത്തിലെ കണ്ടെത്തല്‍.

എലൈറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂള്‍ പത്താംതരം വിദ്യാർഥി മുഹമ്മദ് ഷഹബാസ് ആണ് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങിയത്. 

വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മില്‍ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. 

സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. 

രക്ഷിതാക്കള്‍ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസ് ജീവൻ നിലനിർത്താൻ ആയത്.

കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് പേരെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റാൻ ജുവനൈല്‍ ജസ്റ്റിസ് ബോർഡ് തീരുമാനിച്ചു. 

എസ്‌എസ്‌എല്‍സി വിദ്യാർത്ഥികളായി ഇവര്‍ക്ക് പരീക്ഷ എഴുതാൻ ബോർഡ് അനുമതി നല്‍കി. ആക്രമണം ബോധപൂർവ്വം ആയിരുന്നെന്ന് തെളിയിക്കുന്ന അക്രമികളുടെ ശബ്ദ സന്ദേശങ്ങള്‍ പുറത്തു വന്നു. 

ഷഹബാസിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയെന്ന് ഒരു സന്ദേശത്തില്‍ പറയുന്നു. സംഘം ചേർന്ന് ആക്രമിച്ചാല്‍ കേസ് ഉണ്ടാകില്ലെന്നാണ് അക്രമി സംഘത്തിലെ ഒരു വിദ്യാർത്ഥി മറ്റുള്ളവർക്ക് നല്‍കുന്ന ഉപദേശം.

വളരെ പുതിയ വളരെ പഴയ