തലശ്ശേരി: അതി ദരിദ്ര മുക്തമാകാനൊരുങ്ങി തലശ്ശേരി നഗരസഭ. നഗരസഭയിലെ 94 കുടുംബങ്ങള്‍ അതി ദാരിദ്ര്യത്തില്‍ നിന്ന് മോചിതരായി.
സംസ്ഥാന സർക്കാറിന്റെ അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ നടത്തിയ സർവേയില്‍ 104 അതിദരിദ്രരെ കണ്ടെത്തിയിരുന്നു. ഇതില്‍ ഏഴ് പേർ മരിച്ചു. ബാക്കിയുള്ളവരെ നഗരസഭ മുൻകൈയെടുത്ത് അതി ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്‌തു.
ഇതിന്റെ പ്രഖ്യാപനം ഉടൻ നടക്കുമെന്ന് ചെയർപേഴ്‌സൻ കെ.എം. ജമുനാറാണി പറഞ്ഞു. മൈക്രോ പ്ലാനില്‍ ഉള്‍പ്പെടുത്തി ആവശ്യമുള്ളവർക്ക് അവകാശ രേഖകള്‍ നല്‍കി.
50 കുടുംബങ്ങള്‍ക്ക് മാസത്തില്‍ ഒരുതവണ ഭക്ഷ്യക്കിറ്റ് നല്‍കി വരുന്നു. 36 കുടുംബങ്ങള്‍ക്ക് നിശ്ചിത വരുമാനമുണ്ടായിരുന്നില്ല.
ഇതില്‍ 23 പേർ രോഗികളും പ്രായാധിക്യമുള്ളതിനാല്‍ തൊഴില്‍ ചെയ്യാൻ കഴിയാത്തവരുമായിരുന്നു.
13 പേർക്ക് താല്‍ക്കാലിക തൊഴില്‍ നല്‍കി. 19 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവുമില്ലെന്ന് ആദ്യ പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ 14 പേർക്ക് വീട് ആവശ്യമില്ലെന്ന് പിന്നീട് കണ്ടെത്തി. ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 30 കുടുംബങ്ങളുണ്ടായിരുന്നു.
തുടർ പരിശോധനയില്‍ 22 പേർക്ക് ഇതിനാവശ്യമായ സൗകര്യമുള്ളതായി കണ്ടെത്തി. അന്തിമ പരിശോധനയില്‍ ഇരു വിഭാഗത്തിലുമായി 13 കുടുംബങ്ങള്‍ക്ക് വീടില്ലെന്ന് കണ്ടെത്തി.
ഇതില്‍ ഏഴു പേർക്ക് കുടുംബാംഗങ്ങള്‍ സൗകര്യമൊരുക്കി. വാർഡ് കൗണ്‍സിലർമാരുടെ നേതൃത്വത്തില്‍ യോഗം ചേർന്ന് ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് താമസസൗകര്യം ഏർപ്പെടുത്താനുള്ള നടപടിയും നഗരസഭ സ്വീകരിച്ചു.
വികസന പദ്ധതി ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്തെ നഗരസഭകളില്‍ രണ്ടാമതും ജില്ലയില്‍ ഒന്നാമതുമാണ് തലശ്ശേരി നഗരസഭ.
2024-25 വാർഷിക പദ്ധതിക്കായി 15.78 കോടി രൂപയാണ് തലശ്ശേരിക്ക് ലഭിച്ചത്. അതില്‍ ഇതുവരെ 9.72 കോടി രൂപ ചെലവഴിച്ചു. 61.06 ശതമാനമാണ് ചെലവ്.
നഗരസഭയിലെ നിർവഹണ ഉദ്യോഗസ്ഥരുടെ പ്രോജക്ടുകളും 80 ശതമാനം പൂർത്തീകരിച്ചു. എൻജിനീയറിങ് വിഭാഗത്തിന്റെ പദ്ധതികള്‍ കൂടി മാർച്ചിനുള്ളില്‍ പൂർത്തീകരിച്ചാല്‍ 100 ശതമാനം തുകയും ചെലവഴിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.