Zygo-Ad

തലശ്ശേരി തുറമുഖ വികസനവും മത്സ്യമാർക്കറ്റ് നിർമ്മാണവും ത്വരിതപ്പെടുത്താൻ അടിയന്തര നടപടി

 


തലശ്ശേരി : തുറമുഖവികസനത്തിനായി കയ്യേറ്റ ഭൂമി ഒഴിപ്പിക്കലും ചാലിൽ ഗോപാലപ്പെട്ട മത്സ്യമാർക്കറ്റ് നിർമ്മാണവുമായും  ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ, സ്പീക്കറുടെ ചേംബറിൽഫീഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുകൾ, മാരിടൈം ബോർഡ് എന്നിവയുടെ സംയുക്ത യോഗം ചേർന്നു.

ഡ്രഡ്ജിംഗ് നടത്തി തലായി തുറമുഖം ശരിയായ നിലയിൽ പ്രവർത്തിപ്പിക്കുന്നതിനും ഫിംഗർ പോർട്ടിൽ ബോട്ടുകൾ അടുപ്പിക്കുന്നതിനും അവിടെ  ഹോൾസെയിൽ മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് സ്പീക്കർ നിർദ്ദേശിച്ചു.

കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ ഫെബ്രുവരി 20ന് ആരംഭിക്കും. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അനധികൃത കയ്യേറ്റക്കാർക്ക് നോട്ടീസ് നൽകും. ആദ്യഘട്ടത്തിൽ അനധികൃതമായി കയ്യേറിയ കെട്ടിടങ്ങൾ ഒഴിപ്പിക്കാനും നടപടി സ്വീകരിക്കും.  

മത്സ്യമാർക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർവേ ചെയ്യാത്ത ഭൂമിക്ക് പെർമിസീവ് സാങ്ഷൻ നൽകുന്നതിന് ഫീഷറീസ് വകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അനുമതി നൽകും.

റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെൻറ് ഫണ്ടിൽ (ആർഐഡിഎഫ്) ഉൾപ്പെടുത്തി ന്യൂമാഹി മുതൽ മണക്കാമുക്ക് വരെയുള്ള തീരദേശ മേഖല  ഹെറിറ്റേജ് ടൂറിസത്തിനും കോസ്റ്റൽ ബിനാലെ ഭാവിയിൽ സംഘടിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതി ആരംഭിക്കുന്നതിനും നടപടിയുണ്ടാകും.

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഓൺലൈനായും, ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ, ഡയറക്ടർ സഫ്‌ന നസറുദ്ദീൻ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി,  മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, സി.ഇ.ഒ ഷൈൻ എ ഹഖ്, കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചീഫ് എഞ്ചിനീയർ ടി. വി. ബാലകൃഷ്ണൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജയശ്രീ എം., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പി.എസ് അർജുൻ എസ്. കെ. എന്നിവർ നേരിട്ടും യോഗത്തിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ