വടകര: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുള്‍പ്പെടുത്തി വികസിപ്പിക്കുന്ന വടകര റെയില്‍വേ സ്റ്റേഷൻ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ചുമർ ചിത്രങ്ങള്‍ ഒരുങ്ങുന്നു.
ആശ്രയ വുമണ്‍സ് വെല്‍ഫെയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റി മാഹിയുടെ നേതൃത്വത്തിലാണ് 15ഓളം ചിത്ര കലാകാരന്മാർ ചുമർ ചിത്രങ്ങളൊരുക്കുന്നത്.
കേരളത്തിന്റെ തനത് പ്രതിബിംബങ്ങളും വടകരയുടെ വടക്കൻ പാട്ടുകളിലെ ചില രംഗങ്ങളും കോർത്തിണക്കിക്കൊണ്ട് കളരിക്കും തെയ്യങ്ങള്‍ക്കും കഥകളിക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ശീതീകരണ മുറിയിലും വിശ്രമ മുറിയിലും പ്രവേശന കവാടങ്ങളിലും വർണങ്ങളാല്‍ അലങ്കരിക്കാനുള്ള പരിപാടിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കുമെന്ന് ചിത്രകാരി സുലോചന മാഹി വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചു വർഷത്തെ പരിപാലന ഉറപ്പോടു കൂടിയാണ് കേരളീയ ചുമർ ചിത്ര രചന ശൈലിയില്‍ ചിത്രം വരക്കുന്നത്. രാവിലെ 10ന് വടകര റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന പരിപാടി സ്റ്റേഷൻ സൂപ്രണ്ട് ടി.പി. മനേഷ് ഉദ്ഘാടനം ചെയ്യും.
കമേഴ്ഷ്യല്‍ സൂപ്പർ വൈസർ എം.കെ. വിനോദൻ, ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ ടി.എം. ധന്യ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.പി. ബിനീഷ്, പി.കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തില്‍ വത്സൻ കുനിയില്‍, സുമ ചാലക്കര എന്നിവരും പങ്കെടുത്തു.