അണ്ടലൂർ:അണ്ടലൂർ കാവ് തിറമഹോത്സവത്തിന്റെ ആറാം ദിവസമായ ചൊവ്വാഴ്‌ച രാവിലെമുതൽ ക്ഷേത്രത്തിൽ വൻതിരക്ക് അനുഭവപ്പെട്ടു. ബാലി --സുഗ്രീവ യുദ്ധം കാണാനും ദൈവത്താർ, അങ്കക്കാരൻ, ബപ്പൂരൻ തിരുമുടി അണിയുന്നതിന് സാക്ഷികളാവാനും നിരവധിപ്പേരെത്തി. ജനത്തിരക്ക് വർധിച്ചതോടെ മീത്തലെ പീടികയിലും ചിറക്കുനിയിലും ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
പകൽ അതിരാളവും മക്കളും, മലക്കാരി, പൊൻമകൻ, പുതുചേകോൻ, നാഗകണ്‌ഠൻ, നാഗഭഗവതി, വേട്ടക്കൊരുമകൻ, തൂവക്കാലി കോലങ്ങളും കെട്ടിയാടി. രാത്രിയോടെ പ്രധാന തെയ്യമായ ദൈവത്താറിൻ്റെ തിരുമുടിയുയർന്നു. രാത്രി എട്ടരയോടെ വില്ലുകാരുടെ അകമ്പടിയോടെയായിരുന്നു തിരുമുടിയേറ്റം. തിരുമുടി വയ്‌പും അനുബന്ധചടങ്ങുകളും കാണാൻ നാടിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തർ ഒഴുകിയെത്തി.
ദൈവത്താർ, അങ്കക്കാരൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾക്കൊപ്പം വില്ലുകാരുടെ ക്ഷേത്രപ്രദക്ഷിണം കഴിഞ്ഞതിനുശേഷം നേർച്ചവാങ്ങി മെയ്യാലുകാരുടെ അകമ്പടിയോടെ ആട്ടത്തിനായി താഴെകാവിലേക്ക്. ബുധനാഴ്‌ച പുലർച്ചെ ധർമടം ദേശവാസികളുടെ കരി മരുന്ന് പ്രയോഗത്തോടെ താഴെ കാവിലെ ആട്ടത്തിനുശേഷം ദൈവത്താർ തിരിച്ചെഴുന്നള്ളി. തെയ്യാട്ടങ്ങൾ ബുധനാഴ്‌ചയും തുടരും. വ്യാഴം പുലർച്ചെ ക്ഷേത്രകമ്മിറ്റിയുടെ കരിമരുന്ന് പ്രയോഗമാണ്. രാവിലെ തിരുവാഭരണം അറയിൽ സൂക്ഷിക്കുന്നതോടെ ഉത്സവം സമാപിക്കും.