ധർമടം :പാലയാട് സിനിമാ തിയറ്റർ കോംപ്ലക്സ് നിർമിക്കുന്നതിന് സ്ഥല മെടുക്കാൻ സാംസ്‌കാരിക വകുപ്പ് 60 ലക്ഷം രൂപ അനുവദിച്ചു.ചിറക്കുനി പഴയ പത്മ ടാക്കീസും സ്ഥലവുമാണ് തിയറ്റർ കോംപ്ലക്സിന് ഏറ്റെടുക്കുന്നത്. സിനിമാ തിയറ്റർ നിർമിക്കാൻ 3,13,0000 രൂപയുടെ പദ്ധതിക്ക് നേരത്തെ ഭരണാനുമതിയായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് കോംപ്ലക്‌സ് നിർമിക്കുന്നത്.
ധർമടത്തെയും സമീപപ്രദേശത്തെയും ചലച്ചിത്ര ആസ്വാദകർക്ക് കാഴ്ചയുടെ പുതുലോകം തുറക്കുന്നതാകും നിർദിഷ്‌ട തിയറ്റർ കോംപ്ലക്‌സ്. ധർമടത്ത് നേരത്തെ രണ്ട് ടാക്കീസുകളുണ്ടായിരുന്നു ധർമടം ധർമയും പാലയാട് പത്മയും. രണ്ടു ടാക്കീസും പ്രവർത്തനം നിർത്തിയിട്ട് വർഷങ്ങളായി.
തലശേരി ടൗണിലെ പഴയടാക്കീസുകൾ പലതും തിരശ്ശീല താഴ്ത്തി. മുകുന്ദ്, പ്രഭ, വീനസ്, ലോട്ടസ്, പങ്കജ് തുടങ്ങിയ ടാക്കീസു കളായിരുന്നു ഒരുകാലത്ത് തലശേരിയുടെ ദൃശ്യസംസ്കാരത്തെ സ്വാധീനിച്ച കൊട്ടകകൾ. ലിബർട്ടി തിയറ്ററുകളും കാർണിവൽ സിനിമയുമാണ് നിലവിലുള്ളത്. ധർമടം മണ്ഡലത്തിന് എൽഡിഎഫ് സർക്കാർ നൽകുന്ന മറ്റൊരു സമ്മാനമാണ് സിനിമാ തിയറ്റർ കോംപ്ലക്സ്.