Zygo-Ad

വടകരയില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം; നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു


വടകര: വാടക വീട് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തുന്ന സ്ത്രീകളും പുരുഷന്മാരും പിടിയില്‍. കീർത്തി തിയറ്ററിന് സമീപത്തെ വാടക വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

സ്പാ സെന്റർ തുടങ്ങാനെന്ന പേരില്‍ രണ്ടാഴ്ച മുമ്പ് വാടകക്കെടുത്ത വീട്ടില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. രണ്ട് യുവതികളും നടത്തിപ്പുകാരൻ ഉള്‍പ്പെടെ നാല് പുരുഷന്മാരുമാണ് വീട്ടിലുണ്ടായിരുന്നത്.

കണ്ണൂർ സ്വദേശിയായ ഉണ്ണി എന്ന യുവാവാണ് വീട് വാടകക്കെടുത്തത്. യുവതികള്‍ ബംഗളൂരു, തൃശൂർ സ്വദേശികളാണ്. ഉണ്ണിയെയും ഇവിടെയെത്തിയ രണ്ട് വില്ല്യാപ്പള്ളി സ്വദേശികളെയും ഒരു കക്കട്ടില്‍ സ്വദേശിയെയുമാണ് വടകര ഇൻസ്‌പെക്ടർ എൻ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. 

പണവും ഒരു സഞ്ചി നിറയെ ഗർഭ നിരോധന ഉറകളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പ് വടകരയില്‍ സ്പാ സെന്റർ നടത്തിയയാള്‍ തന്നെയാണ് ഈ കേന്ദ്രത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ വിവരം. 

നേരത്തെ ഇവിടം കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭ സംഘം പ്രവർത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് ഇടപെട്ട് നിർത്തിക്കുകയായിരുന്നു. 

ഇതേ സ്ഥലം കേന്ദ്രീകരിച്ച്‌ വീണ്ടും സ്പാ സെന്റർ തുടങ്ങാനെന്ന പേരില്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം തുടങ്ങുകയായിരുന്നു. വാട്‌സ് ആപ് വഴി ചിത്രങ്ങള്‍ അയച്ചു നല്‍കിയാണ് ആവശ്യക്കാരെ ഇവിടേക്ക് എത്തിച്ചിരുന്നത്.

വളരെ പുതിയ വളരെ പഴയ