Zygo-Ad

കൈയും കാലും വെട്ടിനുറുക്കും'; പിണറായി പഞ്ചായത്ത് ഓഫീസ് ജീവനക്കാർക്കെതിരേ സിപിഎം നേതാക്കളുടെ കൊലവിളി


പിണറായി: പിണറായി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പരാതി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പാതയോരത്തെ ഫ്ളക്സുകളും കൊടി തോരണങ്ങളും നീക്കിയതിന്റെ പേരിലായിരുന്നു ഭീഷണി. 

പിണറായി ലോക്കൽ സെക്രട്ടറി നന്ദനനും ലോക്കൽ കമ്മിറ്റി അംഗം നിഖിലുമാണ് കൊലവിളി നടത്തിയതെന്നും ഭീഷണിപ്പെടുത്തിയതെന്നും ജീവനക്കാർ പറഞ്ഞു. ഓഫീസിൽ കയറി വന്ന് കൈയും കാലും വെട്ടി നുറുക്കുമെന്നായിരുന്നു ഭീഷണി. ഈ മാസം 24-ാം തീയതിയായിരുന്നു സംഭവം. വധഭീഷണിയാണ് തങ്ങൾക്കെതിരേ നടത്തിയതെന്നാണ് ജീവനക്കാർ പറയുന്നത്.

സംഭവത്തിൽ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ ചൊവ്വാഴ്ച വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ ബലത്തിൽ തങ്ങൾക്കു നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്നും ജീവനക്കാർ പറഞ്ഞു. 

പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിൽ ഭൂരിപക്ഷവും ഇടത് അനുകൂല സംഘടനയിൽപ്പെട്ടവരാണ്. അവർ തന്നെയാണ് ഇത്തരത്തിൽ ഒരു പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

പാതയോരത്തെ കൊടി തോരണങ്ങളും മറ്റും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ സർവകക്ഷി യോഗം നടന്നിരുന്നു. ഈ യോഗത്തിൽ സിപിഎമ്മിന്റേതടക്കമുള്ള പാർട്ടി അംഗങ്ങൾ പങ്കെടുക്കുകയും ചെയ്തതാണ്. 

യോഗത്തിൽ പാതയോരത്തും മറ്റും സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകളും കൊടിതോരണങ്ങളും എടുത്തു മാറ്റാൻ എല്ലാ പാർട്ടിക്കാരോടും ആവശ്യപ്പെട്ടതാണ്. ഇതിന് തയ്യാറാകാതെ വന്നപ്പോഴാണ് പഞ്ചായത്ത് ജീവനക്കാർ തന്നെ ഫ്ളക്സുകളും കൊടിതോരണങ്ങളും എടുത്തു മാറ്റിയത്. 

ഇല്ലെങ്കിൽ ഹൈക്കോടതി ഉത്തരവു പ്രകാരം പിഴയൊടുക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണ്. ഈ സാഹചര്യത്തിലായിരുന്നു ജീവനക്കാർ നടപടിക്കിറങ്ങിയത്.

അതേസമയം സംഭവത്തിൽ ജീവനക്കാർ പരാതി ഒന്നും നൽകിയിട്ടില്ലെന്നാണ് വിവരം. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് പഞ്ചായത്ത് ഭരണ സമിതി അടിയന്തര യോഗം ചേരുന്നുണ്ട്

വളരെ പുതിയ വളരെ പഴയ