തലശ്ശേരി: തീരദേശ ഹൈവേ നിർമ്മാണത്തിനായി സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികളും തൊഴിലാളികളും തടഞ്ഞതോടെ തലശ്ശേരി നഗരത്തിൽ വൻ സംഘർഷാവസ്ഥ. 'പട്ടണ തൊഴിൽ സംരക്ഷണ സമിതി'യുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. നഗരത്തിലെ പ്രധാന വ്യാപാര മേഖലയായ മെയിൻ റോഡിൽ ഉദ്യോഗസ്ഥരെ കടന്നുപോകാൻ അനുവദിക്കാതെ പ്രതിഷേധക്കാർ നിലയുറപ്പിച്ചു.
പദ്ധതി നടപ്പിലാക്കുന്നതോടെ തങ്ങളുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുമെന്ന് ആരോപിച്ചാണ് വ്യാപാരികൾ സമരരംഗത്തിറങ്ങിയത്. മെയിൻ റോഡിലെ മുഴുവൻ കടകളും അടച്ചിട്ടാണ് വ്യാപാരികൾ പ്രതിഷേധത്തിൽ പങ്കുചേരുന്നത്. വൻ ജനക്കൂട്ടം തെരുവിലിറങ്ങിയതോടെ ഗതാഗതവും പൂർണ്ണമായി തടസ്സപ്പെട്ടു.
സ്ഥിതിഗതികൾ നിയന്ത്രിക്കാനായി വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള കൂടുതൽ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ സ്ഥലം അളക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.
