പന്ന്യന്നൂർ (കണ്ണൂർ): യു.എ.ഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച പന്ന്യന്നൂർ മനേക്കര സ്വദേശിനി സങ്കീർത്ത സുരേഷിന്റെ (26) മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വടകര എം.പി ഷാഫി പറമ്പിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകുന്നതിന് ആവശ്യമായ സഹായങ്ങൾ എംബസി തലത്തിൽ ഉറപ്പാക്കണമെന്ന് അദ്ദേഹം കത്തിൽ അഭ്യർത്ഥിച്ചു.
നവംബർ 24-ന് പുലർച്ചെ റാസൽഖൈമയിലെ അൽ മനായി മേഖലയിലെ അൽ വതൻ സ്ട്രീറ്റിലുണ്ടായ ബസ് അപകടത്തിലാണ് സങ്കീർത്ത ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ജീവൻ നഷ്ടമായത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ചായിരുന്നു അപകടം.
കമ്പ്യൂട്ടർ സയൻസ് എൻജിനീയറായ സങ്കീർത്ത രണ്ട് വർഷമായി യു.എ.ഇയിൽ ജോലി ചെയ്തുവരികയായിരുന്നു. മറൈൻ മേഖലയിൽ ലഭിച്ച പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി വിസ മാറ്റുന്നതിനായി ഒമാനിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസിയുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
