തലശ്ശേരി : ദേശീയപാതയിലെ അഴിയൂർ - വെങ്ങളം റീച്ചിലെ നിർമ്മാണ പ്രവൃത്തികളിലുണ്ടാകുന്ന കടുത്ത കാലതാമസവും അശാസ്ത്രീയമായ നിർമ്മാണ രീതികളും പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിൽ അടിയന്തര യോഗം വിളിച്ചുചേർക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. അടിപ്പാതകൾക്ക് വേണ്ടിയുള്ള ജനകീയ ആവശ്യങ്ങളും യോഗത്തിൽ പരിഗണിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർമ്മാണ കമ്പനിയുടെ അനാസ്ഥ മൂലം പ്രവൃത്തികൾ നേരത്തെ തന്നെ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണുള്ളത്. ഇതിനിടയിൽ, അടിപ്പാതകൾക്ക് വേണ്ടിയുള്ള ജനകീയ സമരങ്ങൾ കാരണം നിർമ്മാണം തടസ്സപ്പെടുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രിക്ക് ഇതിനകം കത്ത് നൽകിയിട്ടുണ്ട്. അഴിയൂർ - വെങ്ങളം റീച്ചിലെ 12 ഇടങ്ങളിൽ ഇത്തരത്തിൽ പ്രവൃത്തി തടസ്സപ്പെടുന്നുണ്ടെന്നാണ് ദേശീയപാത ഉദ്യോഗസ്ഥർ അറിയിക്കുന്നത്. വടകര, കൊയിലാണ്ടി താലൂക്കുകളിലായി ആറ് വീതം ഇടങ്ങളിലാണ് സമരം മൂലം പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്നത്.
ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാനും സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഉടൻ വിളിച്ചുചേർക്കണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.
