തലശ്ശേരി: ബാലം - മമ്പറം - എയർപോർട്ട് റോഡ്, നിലവിലെ തലശ്ശേരി - കൂർഗ് റോഡ് മാതൃകയിൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ യു.ഡി.എഫ്. ജില്ലാ നേതൃത്വം പദ്ധതി പ്രദേശം സന്ദർശിച്ചു. റോഡ് വികസന കൂട്ടായ്മ ചെയർമാൻ എം.പി. അസൈനാറിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് യു.ഡി.എഫ്. ജില്ലാ ചെയർമാൻ അഡ്വ. പി.ടി. മാത്യു, കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി, അഡ്വ. വി.പി. അബ്ദുൾ റഷീദ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തിയത്.
ബാലത്തിൽ നിന്ന് എയർപോർട്ടിലേക്ക് 21 കിലോമീറ്റർ നീളത്തിൽ 24 മീറ്റർ വീതിയിൽ നാലുവരിപ്പാത നിർമ്മിക്കാനുള്ള തീരുമാനം അനാവശ്യ ദുർവ്യയവും കിഫ്ബി ഫണ്ടിന്റെ ദുർവിനിയോഗവുമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്രധാന നഗരവുമായോ റെയിൽവേ സ്റ്റേഷനുമായോ ഹൈവേയുമായോ ബന്ധപ്പെടാത്ത ഈ പദ്ധതി ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുന്നതിനും നിലവിലുള്ള ഇരുപതോളം അനുബന്ധ റോഡുകളുടെ ഗതാഗതം തടസ്സപ്പെടുന്നതിനും ഇടയാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
റോഡ് ആരംഭിക്കുന്ന ബാലം മുതലുള്ള പ്രദേശങ്ങൾ സന്ദർശിച്ച നേതാക്കൾ, നാടിന്റെ വികസനം ആവശ്യമാണെങ്കിലും പരിസ്ഥിതിക്കും ജനങ്ങൾക്കും ആഘാതമുണ്ടാക്കാത്ത രീതിയിലുള്ള വികസന മാതൃകകൾ നടപ്പിലാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പുനൽകി.
