ധർമ്മടം: ഗവ. ബ്രണ്ണൻ കോളേജാണ് തന്നെ സംഘടനാ പ്രവർത്തകനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ബ്രണ്ണനിൽ ഡിഗ്രി വിദ്യാർത്ഥിയായി എത്തിയതോടെയാണ് താൻ സംഘടനാ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നതെന്ന് ബ്രണ്ണൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ 'ബ്രണ്ണൻ അല' സുവനീർ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം അനുസ്മരിച്ചു.
പഠിക്കുന്ന കാലത്ത് പ്രിൻസിപ്പൽ രക്ഷിതാവിനെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞ സംഭവവും അദ്ദേഹം ഓർത്തെടുത്തു. ഏട്ടനെയും കൂട്ടിയാണ് കോളേജിലെത്തിയത്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നാണ് പ്രിൻസിപ്പൽ ഏട്ടനോട് പരാതിപ്പെട്ടത്. മറ്റ് കുഴപ്പങ്ങളൊന്നുമില്ലല്ലോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പ്രിൻസിപ്പൽ മറുപടി നൽകി. രാഷ്ട്രീയ പ്രവർത്തനം അനുവദിച്ച് കൊടുത്തിട്ടുള്ളതാണെന്ന് വ്യക്തമാക്കി ഏട്ടൻ മടങ്ങി. തന്നെക്കാൾ വലിയ പുള്ളിയാണല്ലോ ഏട്ടൻ എന്നാണ് പ്രിൻസിപ്പൽ പിന്നീട് തന്നോട് പറഞ്ഞതെന്നും അദ്ദേഹം പങ്കുവെച്ചു. കോളേജിന്റെ സമഗ്ര വികസനത്തിന് പൂർവ്വ വിദ്യാർത്ഥി സംഘടനകൾക്ക് സക്രിയമായി ഇടപെടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കോളേജ് ശതോത്തര ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യകാരി എസ്. സിത്താരയ്ക്ക് സുവനീർ നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. മുൻ സ്പീക്കർ എ. എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഒ. സി. അലോഷ്യസ്, ധർമ്മടം പഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ, രാഷ്ട്രീയ പ്രതിനിധികളായ സി. എൻ. ചന്ദ്രൻ, വി. എ. നാരായണൻ, അജയൻ മീനോത്ത്, പുത്തൂർ മുസ്തഫ, കോളേജ് യൂണിയൻ ചെയർമാൻ അമൽ ബാബു, അഡ്വ. വി. പ്രദീപൻ, എൻ. ആർ. മായൻ, പി. കെ. രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
ഡോ. എ. വത്സലൻ സ്വാഗതവും ഡോ. കെ. പി. മഞ്ജുള നന്ദിയും പറഞ്ഞു. വയലാർ അവാർഡ് നേടിയ അധ്യാപിക ആർ. രാജശ്രീയെ അനുമോദിക്കുന്ന പ്രമേയം വി. കെ. സുരേഷ് ബാബു അവതരിപ്പിച്ചു. സുവനീർ രൂപകൽപ്പന ചെയ്ത എ. കെ. ഷാഗിക്ക് ഉപഹാരം സമ്മാനിച്ചു. തുടർന്ന് 'ബ്രണ്ണൻ അല സീസൺ 2' സംഘാടക സമിതിയും രൂപീകരിച്ചു
