നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ എന്നിവയുൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തി. പരിശോധനയിൽ ക്രമക്കേടുകൾ കണ്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
സ്ഥാപനങ്ങളുടെ ട്രേഡ് ലൈസൻസ്, ശുചിത്വ നിലവാരം, ജീവനക്കാരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധനാ ഫലം എന്നിവയ്ക്ക് പുറമെ തൊഴിലാളികൾ തലപ്പാവ്, ഹാൻഡ് ഗ്ലൗസ് എന്നിവ ധരിക്കുന്നുണ്ടോ എന്നും ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. യാത്രക്കാർക്ക് വിശ്രമിക്കാനായുള്ള പാസഞ്ചർ ലോബി കൈയേറി സാധനങ്ങൾ സൂക്ഷിച്ചവർക്കെതിരെയും ബസ് സ്റ്റാൻഡ് പരിസരത്ത് പുകവലിച്ചവർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.
ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിന, അനിൽ കുമാർ വിലങ്ങിൽ, കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു. ലൈസൻസും മറ്റ് അനുബന്ധ രേഖകളും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ഒ.ടി. ഷബീർ അറിയിച്ചു.
