തലശ്ശേരി: നവോത്ഥാന മുന്നേറ്റങ്ങളിലൂടെ വർഗീയതയ്ക്കും വിഭാഗീയതയ്ക്കും തടയിടാൻ സമൂഹം തയാറാകണമെന്ന് കെ എൻ എം കണ്ണൂർ ജില്ലാ സമിതി തലശ്ശേരിയിൽ സംഘടിപ്പിച്ച ചരിത്രസെമിനാർ ആഹ്വാനം ചെയ്തു. കെ എൻ എം സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച 'കേരള മുസ്‌ലിം നവോത്ഥാനം: ചരിത്രവും ദർശനവും' എന്ന ഗ്രന്ഥത്തിന്റെ ജില്ലാതല പ്രകാശനത്തോട് അനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.
മലയാളികൾ ആർജ്ജിച്ചെടുത്ത എല്ലാ നന്മകളെയും വർഗീയത നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സെമിനാർ വിലയിരുത്തി. സൗഹൃദവും സമാധാനവും തകർക്കാൻ ആഗ്രഹിച്ച് വർഗീയത വളർത്തുന്നവർ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. മലയാളി മുസ്‌ലിംകൾ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നവോത്ഥാന നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം. മത, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിലെ മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റങ്ങളെ തള്ളിപ്പറയാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ അതിവേഗം പടരുന്ന വിശ്വാസ, സാംസ്കാരിക വ്യതിയാനങ്ങളെ ജാഗ്രതയോടെ കാണണം. ധാർമിക സദാചാര മൂല്യങ്ങളെ തകർത്ത് മതനിരാസ ചിന്തകളും അരാജകത്വവും വളർത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ വൈജ്ഞാനിക പ്രതിരോധം തീർക്കണം. മതത്തിന്റെ മാനവിക സന്ദേശങ്ങളെ നിരാകരിച്ച് വിഭാഗീയത പരത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളെക്കുറിച്ച് നിജസ്ഥിതി അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ടെന്നും സെമിനാർ ചൂണ്ടിക്കാട്ടി.
കെ എൻ എം സംസ്ഥാന സെക്രട്ടറി എം. സലാഹുദ്ധീൻ മദനി സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. എ.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. സൈനുദ്ധീന് കോപ്പി നൽകി ചരിത്രകാരൻ എം.സി. ഇബ്രാഹിം വടകര നവോത്ഥാന ഗ്രന്ഥം പ്രകാശനം ചെയ്തു. കെ എൻ എം സെക്രട്ടറി എ. അസ്ഗർ അലി ഗ്രന്ഥപരിചയം നടത്തി.
മുതിർന്ന പത്രപ്രവർത്തകൻ ടി.സി. മുഹമ്മദ്, ഡോ. സുൽഫിക്കർ അലി, പ്രൊഫ. എ.പി. സുബൈർ, പ്രൊഫ. ഇ.കെ. ഫസൽ റഹ് മാൻ, ഡോ. അബ്ദുൽ ജലീൽ ഒതായി, എം.ജി.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ, ഇസ്ഹാഖലി കല്ലിക്കണ്ടി, സി.എച്ച്. ഇസ്മായീൽ ഫാറൂഖി, ഡോ. അബ്ദുറഹ്‌മാൻ കൊളത്തായി, സി.ഒ.ടി. മുഹമ്മദ് അക്രം, കെ.എം. ജാബിർ, ഡോ. കെ. ഷഫീക് തുടങ്ങിയവർ സംസാരിച്ചു.
