Zygo-Ad

തണ്ണീർത്തടം നികത്താനുള്ള നീക്കം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു


തലശ്ശേരി: തലശേരിയിൽ തണ്ണീർത്തടം മണ്ണെടുത്ത് നികത്താനുള്ള ശ്രമം ഡിവൈഎഫ്ഐ തടഞ്ഞു. തലശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പ്രവർത്തകർ കൊടിനാട്ടിയാണ് മണ്ണിടൽ തടഞ്ഞത്. എരഞ്ഞോളി പുഴയോരത്ത് ചിറക്കര കുഴിപ്പങ്ങാട് പ്രദേശത്ത് മത്സ്യകൃഷിയുടെ പേരിലാണ് വീണ്ടും തണ്ണീർത്തടം നികത്താൻ നീക്കം നടന്നത്.

നേരത്തെ ഡിവൈഎഫ്ഐയും സിപിഐഎമ്മും നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നികത്തൽ നടപടി നിർത്തിവെച്ചിരുന്നതാണ്. എന്നാൽ ചൊവ്വാഴ്ച വീണ്ടും നികത്തൽ നീക്കം ആരംഭിക്കുകയായിരുന്നു. മുൻപ് ഡാറ്റാബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയാണെന്ന് കാട്ടിയാണ് ഉടമകൾ കോടതി ഉത്തരവ് സമ്പാദിച്ചിരുന്നത്. എന്നാൽ തലശേരി നഗരസഭയും കൃഷിഭവനും പരിധിയിലെ തണ്ണീർത്തടങ്ങളുടെ ലിസ്റ്റിൽ തിരുവങ്ങാട് വില്ലേജിലെ ഈ ഭൂമി ഉൾപ്പെടുത്തി ഡാറ്റാബാങ്ക് പുതുക്കിയിട്ടുണ്ട്.

ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടത്തിൽ അനധികൃതമായി നിക്ഷേപിച്ച മണ്ണ് നഗരസഭയും റവന്യൂ വകുപ്പും ചേർന്ന് ഉടൻ എടുത്തുമാറ്റണമെന്നും പ്രദേശത്തെ കണ്ടൽക്കാടുകളും ആവാസവ്യവസ്ഥയും സംരക്ഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കി സംരക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ