Zygo-Ad

തലശ്ശേരി തുറമുഖം വിനോദസഞ്ചാര കേന്ദ്രമാകുന്നു: മലബാർ ടൂറിസത്തിന് പുത്തൻ ഉണർവ്

 


തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലം മുതൽ സുഗന്ധവ്യഞ്ജന വ്യാപാര കേന്ദ്രമായി ചരിത്രത്തിൽ ഇടംപിടിച്ച തലശ്ശേരി തുറമുഖം ഇനി ആധുനിക സമുദ്ര വിനോദസഞ്ചാര കേന്ദ്രമാകുന്നു. 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായി തുറമുഖത്തിന്റെ പഴയ പ്രതാപവും സാംസ്കാരിക പൈതൃകവും നിലനിർത്തിക്കൊണ്ടാണ് പുതിയ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

നിയമസഭയിൽ എംഎൽഎ കാരായി രാജൻ ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടിയിലാണ് ഈ വികസന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്. കേരള മാരിടൈം ബോർഡിന്റെ കീഴിലുള്ള തലശ്ശേരി തുറമുഖത്തിലെ 1.40 ഏക്കർ സ്ഥലമാണ് പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിൽ വികസിപ്പിക്കുന്നത്. കടൽപാലം, ഓഫീസ് സമുച്ചയങ്ങൾ, ക്വാർട്ടേഴ്സുകൾ, വെയർഹൗസുകൾ എന്നിവയടങ്ങുന്ന പ്രദേശം വികസിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പൂർത്തിയായിക്കഴിഞ്ഞു.

തുറമുഖത്തിലെ നിലവിലുള്ള കടൽപാലവും അനുബന്ധ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളോടെ പുനരുദ്ധരിക്കും. കടൽത്തീര നടപ്പാത, സമുദ്ര പൈതൃക മ്യൂസിയം, ജലകായിക വിനോദങ്ങൾ, ഭക്ഷണശാലകൾ, സാംസ്കാരിക പരിപാടികൾക്കുള്ള പ്രത്യേക വേദികൾ എന്നിവയാണ് സഞ്ചാരികൾക്കായി ഇവിടെ ഒരുങ്ങുന്നത്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തലശ്ശേരി കോട്ട, മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച്, ധർമ്മടം തുരുത്ത് എന്നിവയുൾപ്പെടുന്ന മലബാർ ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റമുണ്ടാകും. പ്രദേശവാസികൾക്ക് നിരവധിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കേരള മാരിടൈം ബോർഡിന് സുസ്ഥിരമായ വരുമാനം ഉറപ്പാക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



വളരെ പുതിയ വളരെ പഴയ