Zygo-Ad

ചരിത്രവഴിയിൽ അഭിമാനത്തോടെ തലശേരി നഗരസഭയ്ക്ക് 160-ാം വാർഷികം

 


തലശ്ശേരി: മലബാറിലെ ആദ്യ നഗരസഭകളിലൊന്നായ തലശേരി 160-ാം വാർഷികത്തിന്റെ നിറവിൽ. മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ നഗരത്തിന്റെ വാർഷികാഘോഷം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടക്കും. രാവിലെ 10-ന് നഗരസഭയ്ക്ക് മുന്നിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.

1866 നവംബർ ഒന്നിനാണ് തലശേരി നഗരസഭ നിലവിൽ വന്നത്. രൂപീകരണ സമയത്ത് 'മുനിസിപ്പൽ കമീഷൻ' എന്ന പേരിൽ അറിയപ്പെട്ട സ്ഥാപനത്തിന്റെ ആദ്യ പ്രസിഡന്റ് മലബാർ കലക്ടറായിരുന്ന ജി എ ബല്ലാർഡായിരുന്നു. പിന്നീട് 1885-ൽ മുനിസിപ്പൽ കൗൺസിലായി മാറിയപ്പോൾ യൂറോപ്യൻ അഭിഭാഷകനായ എ എഫ് ലമറൽ ആദ്യ ചെയർമാനായി. 1880-ലാണ് നഗരത്തിന്റെ അതിരുകൾ ആദ്യമായി വിപുലപ്പെടുത്തിയത്. തുടർന്ന് 1961-ൽ തലായി, മണ്ണയാട്, കുന്നോത്ത്, കാവുംഭാഗം, വയലളം ദേശങ്ങളും, 1990 ഒക്ടോബർ 27-ന് കോടിയേരി പഞ്ചായത്തും നഗരസഭയോട് കൂട്ടിച്ചേർത്തു.

നൂറ്റാണ്ടുകൾക്ക് മുമ്പേ പെട്രോളിൽ കത്തിച്ച തെരുവ് വിളക്കുകൾ പ്രകാശം പരത്തിയ നഗരമെന്ന പ്രത്യേകതയും തലശേരിക്കുണ്ട്. ആദ്യത്തെ വർത്തമാനപത്രം, കഥ, നോവൽ എന്നിവയുടെ പിറവിയും കേക്കിന്റെ മധുരവും സർക്കസിന്റെ വിസ്മയ ലോകവുമെല്ലാം തലശേരിയുടെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. കൂടാതെ, ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബുമാസ്റ്ററുടെയും ചാത്തുക്കുട്ടിയുടെയും ജീവത്യാഗവും ചരിത്രപ്രസിദ്ധമായ പിണറായി പാറപ്രം സമ്മേളനവും തലശേരിയുടെ രാഷ്ട്രീയ ചരിത്രത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.



വളരെ പുതിയ വളരെ പഴയ