Zygo-Ad

തലശേരി മേലൂട്ട് മഠപ്പുര റോഡിൽ ഓവുചാലും സ്ലാബും തകർന്നു; യാത്രക്കാർ ദുരിതത്തിൽ


തലശേരി നാരങ്ങാപ്പുറം മേലൂട്ട് മഠപ്പുര റോഡിൽ ഓവുചാലും മേൽമുടിയും തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള യാത്ര കടുത്ത ദുരിതമാകുന്നു. ജുമാ മസ്ജിദ് പള്ളിയുടെ മതിലിനോട് ചേർന്നുള്ള ഓവുചാൽ തകർന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നത് വഴി വലിയ ദുർഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇതുവഴി കടന്നുപോകുന്ന യാത്രക്കാരും സമീപത്തെ വ്യാപാരികളും പള്ളിയിൽ എത്തുന്നവരും കടുത്ത പ്രയാസത്തിലാണ്.

​പാനൂർ, തിരുവങ്ങാട്, മഞ്ഞോടി ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാനപ്പെട്ടതും ഏറെ തിരക്കേറിയതുമായ റോഡാണിത്. വീതികുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രക്കാർക്ക് കയറി നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. പലപ്പോഴും പള്ളിയുടെ മുറ്റത്തുകൂടിയാണ് ആളുകൾ സഞ്ചരിക്കുന്നത്. റോഡിലെ വെള്ളക്കെട്ടും കുഴികളും കാരണം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്.

​റോഡിലെ ഡിവൈഡറിൽ സുരക്ഷാ ലൈറ്റുകളോ സിഗ്നലുകളോ ഇല്ലാത്തത് രാത്രികാലങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുന്നു. മലിനജലം കാരണം ദുർഗന്ധം സഹിക്കാനാകുന്നില്ലെന്ന് പ്രദേശത്തെ കച്ചവടക്കാരും വ്യക്തമാക്കുന്നു. കൗൺസിലർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ വിവരമറിയിച്ചിട്ടും ശാശ്വതമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. നഗരസഭാ അധികൃതർ അടിയന്തരമായി ഇടപെട്ട് ഓവുചാലും സ്ലാബും പുനർനിർമിച്ച് യാത്രാദുരിതം പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ