Zygo-Ad

ധർമ്മടം കൂടക്കടവ് പുഴയിലെ 123 വർഷം പഴക്കമുള്ള റെയിൽവേ പാലം പൊളിച്ചു മാറ്റിത്തുടങ്ങി

 


​തലശ്ശേരി: ധർമ്മടം കൂടക്കടവ് പുഴയിലെ ചരിത്രപ്രസിദ്ധമായ പഴയ റെയിൽവേ മേൽപ്പാലം പൊളിച്ചു മാറ്റിത്തുടങ്ങി. 123 വർഷത്തെ ചരിത്രപ്പഴമയുള്ള ഈ പാലത്തിന് കാലപ്പഴക്കത്താൽ ബലക്ഷയം ഉണ്ടെന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചത്.

​കുമ്പള, ഷെറിയ, നീലേശ്വരം, കാര്യംകോട്, ബേക്കൽ, പള്ളിക്കര, പയ്യന്നൂർ, ഏഴിമല, ചെറുവത്തൂർ, പഴയങ്ങാടി, കൂടക്കടവ്, ധർമ്മടം തുടങ്ങിയ പ്രദേശങ്ങളിലെ പഴയ റെയിൽ പാലങ്ങളെ റെയിൽവേ എൻജിനീയറിങ് വിഭാഗം ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. ഇവിടങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പുതിയ പാലങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.


​1901 ന് ശേഷമാണ് കോഴിക്കോട് നിന്നും വടക്കോട്ട് റെയിൽ ഗതാഗതം ആരംഭിക്കുന്നത്. 1903 മുതൽ ആയിരക്കണക്കിന് തീവണ്ടികൾ കടന്നുപോയ ചരിത്രമാണ് കൂടക്കടവ് പാലത്തിനുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഈ പാലത്തിന്റെ ഗർഡറുകളും സ്റ്റീൽ സ്ലീപ്പറുകളും ഇതിനകം പൊളിച്ചുമാറ്റി. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും തുരുമ്പിക്കാത്ത റെയിൽ ക്ലിപ്പുകളും നട്ട് ബോൾട്ടുകളുമാണ് പാലത്തിൽ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. തിരുച്ചിറപ്പള്ളിയിലെ റിയാ ഷെൽ ട്രേഡേഴ്സ് എന്ന കമ്പനിയാണ് പാലം പൊളിച്ചുമാറ്റാനുള്ള കരാർ ലേലത്തിൽ എടുത്തത്.

​പഴയ തലമുറയ്ക്ക് ധർമ്മടം റെയിൽവേ സ്റ്റേഷനും കൂടക്കടവ് റെയിൽവേ പാലവും വലിയ ഗൃഹാതുരത്വമുള്ള ഓർമ്മയാണെന്ന് പ്രൊഫസർ കെ കുമാരൻ പറഞ്ഞു. കൂടക്കടവ് പാലം പൊളിച്ചുനീക്കുന്നതോടെ മലബാറിന്റെ റെയിൽവേ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണ് ഓർമ്മയാകുന്നത്.


വളരെ പുതിയ വളരെ പഴയ