പിണറായി: കുന്നുംവയൽ–മറാട്ട–അണ്ടലൂർക്കടവ് തീരദേശ റോഡിന്റെ നിർമാണ പ്രവൃത്തികളുടെ അവലോകനം നടന്നു. റോഡിന്റെ ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായതായി ഹാർബർ എൻജിനീയറിങ് വിഭാഗം അറിയിച്ചു. ശേഷിക്കുന്ന ജിഎസ്പി, ഡബ്ല്യുഎംഎം പ്രവൃത്തികൾ ഒക്ടോബർ പത്തിനകം പൂർത്തിയാക്കാനും, പ്രധാന ടാറിങ് ഡിസംബർ പത്തിനകം പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.
തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി തുറമുഖ വകുപ്പിന്റെ ഭരണാനുമതിയോടെ രണ്ട് കോടിയോളം രൂപ ചെലവിലാണ് റോഡിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ഒന്നാം ഘട്ടമായി 930 മീറ്റർ നീളത്തിലാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. 20 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള പാലം, കൾവേർട്ട്, കരിങ്കല്ല് കൊണ്ട് അരിക് ഭിത്തി കെട്ടൽ, മണ്ണ് നിറയ്ക്കൽ എന്നീ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. പിക്കോസ് എന്ന സ്ഥാപനത്തിനാണ് നിർമാണച്ചുമതല.
പടന്നക്കര പുഴയോര വിശ്രമകേന്ദ്രത്തിന് സമീപമായി അഞ്ചരക്കണ്ടി പുഴയുടെ തീരത്തുകൂടെയാണ് റോഡ് കടന്നുപോകുന്നത്. രണ്ടാം ഘട്ടമായി റോഡ് ടാറിങ്ങും സൗന്ദര്യവൽക്കരണവുമാണ് നടക്കുക. പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ കൂടി പരിഗണിച്ച് റോഡിന്റെ ഇരുഭാഗത്തുമായി എൽഇഡി വിളക്കുകൾ സ്ഥാപിക്കും. റോഡ് പൂർത്തിയാകുന്നതോടെ എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് അണ്ടലൂർ പ്രദേശത്തേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കും.
യോഗത്തിൽ ഹാർബർ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, പിക്കോസ് പ്രതിനിധികൾ, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ, പ്രതിപക്ഷ നേതാവിന്റെ മണ്ഡലം ഓഫീസിൽ നിന്ന് കെ പ്രദീപൻ എന്നിവർ പങ്കെടുത്തു.
