തലശ്ശേരി: പവർകട്ടിന്റെ മറവിൽ സ്ട്രീറ്റ് ലൈറ്റുകൾ ഓഫാക്കി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഇരുട്ടിലാക്കുന്നതായി പരാതി. സംഭവത്തിൽ സിഐടിയു പ്രവർത്തകനായ വഴിയോര ഫ്രൂട്ട്സ് കച്ചവടക്കാരനെതിരെ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എ. ശർമ്മിള തലശ്ശേരി സബ് ഇൻസ്പെക്ടർക്ക് നേരിട്ട് പരാതി നൽകി.
ബസ് സ്റ്റാൻഡിൽ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കുകയും പ്രദേശത്തെ ഇരുട്ടിലാക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് ഇയാളുടെ പതിവാണെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി തെരുവ് വിളക്കുകളുടെ നിയന്ത്രണം ഇയാൾ സ്വന്തമായി ഏറ്റെടുത്തിരിക്കുകയാണെന്നും വൈകുന്നേരങ്ങളിൽ ലൈറ്റ് തെളിയിക്കാൻ മറ്റുള്ളവരെ അനുവദിക്കാറില്ലെന്നും പ്രദേശത്തെ മറ്റ് കച്ചവടക്കാരും ആരോപിക്കുന്നു.
