തലശ്ശേരി: രാജ്യത്തെ തൊഴിൽ മേഖല നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനുള്ള പോരാട്ടങ്ങൾ ശക്തമായി തുടരുമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ അഡ്വ. എം. റഹ്മത്തുള്ള പറഞ്ഞു. തലശ്ശേരി ജൂബിലി മാർക്കറ്റിൽ മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനത്തിൽ തൊഴിലാളികൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, കേരളത്തെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസ സാഹചര്യം ഒരുക്കാനും യു.ഡി.എഫ് മുന്നിൽ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ റ നാ റിസ്ബക്ക് എം. അബൂബക്കർ - പി.പി. ഖാലിദ് മെമ്മോറിയൽ എൻഡോവ്മെന്റും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ തൊഴിലാളികളുടെ മക്കൾക്കുള്ള സ്നേഹോപഹാര സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. കൂടാതെ പാലക്കൽ ഇബ്രാഹിം അനുസ്മരണവും സംഘടിപ്പിച്ചു.
ചടങ്ങിൽ മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.എ. ലത്തീഫ്, എ.കെ. ആബൂട്ടി ഹാജി, എൻ. മഹ്മൂദ്, സി.കെ.പി. മമ്മു, സി.പി. കുഞ്ഞഹമ്മദ്, കബീർ ബക്കളം, ഷാക്കിർ എ., ടി.വി. റാഷിദ ടീച്ചർ, തഫ്ലീം മാണിയാട്ട്, ഷറില, നൂറനാസ്റ്റർ, എ.കെ. സക്കരിയ്യ, ഷബീർ കെ.സി, അഫ്സൽ മട്ടാമ്പ്രം, എ.പി. മുഹമ്മദ് അഫ്സൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എയ്ക്കുള്ള ഉപഹാരം എം.കെ. ഖാദർ ഹാജിയും ടി.കെ. അഷ്റഫും ചേർന്ന് സമ്മാനിച്ചു. പി.പി. സിറാജ് സ്വാഗതവും കെ.കെ. അലി നന്ദിയും പറഞ്ഞു.
