തൊട്ടിൽപ്പാലം വയനാട് റോഡിലെ മൂന്നാംകൈ പാലത്തിന് സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ചുരം ഇറങ്ങി കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ചൊക്ലി സ്വദേശികളുടെ കാറും, ചുരം ഭാഗത്തേക്ക് പോവുകയായിരുന്ന ആവള സ്വദേശികളുടെ കാറുമാണ് അപകടത്തിൽപ്പെട്ടത്.
ചൊക്ലി സ്വദേശികളായ രണ്ടുപേർക്കും ആവള സ്വദേശികളായ രണ്ട് കുട്ടികൾക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ തൊട്ടിൽപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് റോഡിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
