Zygo-Ad

തലശേരിയിൽ ശക്തമായ ചുഴലിക്കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു: കാറിനും ഓട്ടോയ്ക്കും കേടുപാടുകൾ, രണ്ടുപേർക്ക് പരുക്ക്

 


തലശേരി: തലശേരിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്കും ഓടിക്കൊണ്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു.

പാലിശ്ശേരി ചേറ്റം കുന്നു റോഡിലെ എം. കെ. ആർ ഫ്രൂട്ട്സ് ഗോഡൗണിന്റെ മുകളിലെ നിലയിലുള്ള അസ്ബസ്റ്റോസ് മേൽക്കൂരയാണ് ശക്തമായ കാറ്റിൽ തകർന്നത്. രാവിലെയോടെ രണ്ട് മിനിറ്റോളം വീശിയടിച്ച കാറ്റിൽ കെട്ടിടത്തിന്റെ ജനലുകളും ചില്ലുകളും തകർന്നു വീണു.

മുറിയിൽ കിടന്നുറങ്ങുകയായിരുന്ന പാലക്കാട് സ്വദേശി മണികണ്ഠൻ (49), ബിഹാർ സ്വദേശി മുഹമ്മദ് മുഖിം അൻസാരി (35) എന്നിവർക്ക് നിസാര പരുക്കേറ്റു. ശബ്ദം കേട്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് മുഖത്ത് പരുക്കേറ്റ അൻസാരിയെയും, ജനൽച്ചില്ല് തകർന്ന് കൈക്ക് മുറിവേറ്റ മണികണ്ഠനെയും പ്രഥമശുശ്രൂഷ നൽകി.

മേൽക്കൂര തകർന്ന് താഴേക്ക് വീഴുന്നതിനിടെ റോഡിലൂടെ കടന്നുപോകുകയായിരുന്ന സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിലെ ഫാദർ അബിന്റെ കാറിനു മുകളിലേക്കും അസ്ബസ്റ്റോസ് ഷീറ്റുകൾ പതിച്ചു. ഇതേത്തുടർന്ന് കാറിന്റെ ഗ്ലാസുകൾ തകരുകയും ബോഡിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൂടാതെ സമീപത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ഓട്ടോയുടെ മേൽഭാഗവും ഭാഗികമായി തകർന്നു.

കേളോത്ത് ഫാത്തിമയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കെട്ടിടം. സംഭവത്തിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് വാർഡ് കൗൺസിലർ പി. പി. സമീറ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു.



വളരെ പുതിയ വളരെ പഴയ