കതിരൂർ: വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മൂന്നര പവൻ സ്വർണ്ണമാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച മധ്യവയസ്കനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കതിരൂർ പുല്ലാട് സി.എച്ച് നഗറിലെ തമന്ന ഹൗസിൽ ടി. മുഹമ്മദിനെയാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കതിരൂർ അഞ്ചാം മൈൽ എ.ആർ.സി റോഡിലെ 'ശ്രീശൈല'ത്തിൽ മനേഷ് ബാബുവിന്റെ ഭാര്യ സുമയുടെ മാലയാണ് പ്രതി കവർന്നത്. പകൽ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി സുമയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു.
സുമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് കതിരൂർ പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് പ്രതിയെ കൈമാറുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണം ആരംഭിച്ചു.
