Zygo-Ad

കടൽക്കാറ്റിൽ കൂറ്റൻ മഹാഗണി മരം കടപുഴകി വീണു: വീടിന് നാശനഷ്ടം, പരാതി അവഗണിച്ചെന്ന് വീട്ടുടമ.

തലശ്ശേരി ഹോളോവേ ജഡ്ജസ് ബംഗ്ലാവിന് സമീപം അഡ്വ. ബാല ഗംഗാധരൻ റോഡരികിലെ കൂറ്റൻ മഹാഗണി മരം കടപുഴകി വീണ് വീടിന് നാശനഷ്ടം. കനത്ത മഴയിലും ശക്തമായ കടൽക്കാറ്റിലും വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. റോഡിന്റെ എതിർവശത്തുള്ള പ്രവാസിയായ മുഹമ്മദ് ഷർഫുദ്ദീന്റെ 'ഷർഫാസ്' എന്ന ഇരുനില വീടിന് മുകളിലേക്കാണ് മരം പതിച്ചത്. അപകടസമയത്ത് ഷർഫുദ്ദീനും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മരം വീണ് വീടിന്റെ മുകൾനിലയിലെ ഗ്ലാസ് ഷെയ്ഡുകൾ പൂർണമായും തകരുകയും ഗേറ്റിന് കേടുപാടുകൾ സംഭവിക്കുകയും ചുമരിൽ വിള്ളൽ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

അതേസമയം, അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് അഞ്ച് മാസം മുൻപ് പിഡബ്ല്യുഡിക്ക് പരാതി നൽകിയിരുന്നതായി ഷർഫുദ്ദീൻ ആരോപിച്ചു. എന്നാൽ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഏതാനും ശിഖരങ്ങൾ മാത്രം മുറിച്ച് മടങ്ങുകയായിരുന്നു. മഹാഗണി വനംവകുപ്പിന്റെ സംരക്ഷിത മരങ്ങളുടെ പട്ടികയിലുള്ളതിനാൽ പൂർണമായി മുറിച്ചുമാറ്റാൻ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അധികൃതരുടെ വിശദീകരണം.

വളരെ പുതിയ വളരെ പഴയ