തലശ്ശേരി പോസ്റ്റൽ ഡിവിഷൻ കണ്ണൂർ ഡിവിഷനോട് ചേർത്ത് ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്നും തപാൽ വകുപ്പ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. നിലവിലുള്ള പോസ്റ്റൽ ഡിവിഷൻ വെട്ടിമുറിച്ച് ജില്ലയിൽ ഒറ്റ ഡിവിഷനാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ചരിത്രപരമായും വാണിജ്യപരമായും ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് തലശ്ശേരി. ഉയർന്ന ജനസാന്ദ്രതയും വിവിധ തപാൽ, സാമ്പത്തിക, ഡിജിറ്റൽ, ഇ-കോമേഴ്സ് സേവനങ്ങളുടെ വർധിച്ച ആവശ്യകതയും മുൻനിർത്തി തലശ്ശേരി ഡിവിഷൻ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് എംപി ചൂണ്ടിക്കാട്ടി.
രണ്ട് ഡിവിഷനുകൾ ഒന്നാക്കുന്നതോടെ നിരവധി ജീവനക്കാരുടെ തസ്തികകളും പ്രമോഷൻ സാധ്യതകളും നഷ്ടപ്പെടാൻ ഇടയാകും. ഇത് പൊതുജനങ്ങൾക്ക് സുഗമമായ സേവനം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും അതിനാൽ ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
