തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലം എം.പി. ഷാഫി പറമ്പിലിന്റെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 2.5 കോടിയിലധികം രൂപയുടെ പ്രവൃത്തികൾ പൂർത്തിയായതായി ജില്ലാ പ്ലാനിങ്ങ് ഓഫീസർ അറിയിച്ചു. 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലായി ആകെ 14 കോടി 44 ലക്ഷം രൂപ ചെലവ് വരുന്ന 424 പ്രവൃത്തികളാണ് എം.പി. ശുപാർശ ചെയ്തിട്ടുള്ളത്.
ഇതിൽ 6 കോടി 57 ലക്ഷം രൂപയുടെ 175 പ്രവൃത്തികൾക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകി കഴിഞ്ഞു. ഭരണാനുമതി ലഭിച്ച പദ്ധതികളിൽ 2,52,24,600 രൂപയുടെ പ്രവൃത്തികളാണ് ഇതിനകം നിർമ്മാണം പൂർത്തിയാക്കിയത്.
മണ്ഡലത്തിൽ എം.പി. ശുപാർശ ചെയ്ത റോഡ് വികസന പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഇവ അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും നിർവ്വഹണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നോഡൽ ഓഫീസർ കൂടിയായ ആർ.ഡി.ഒ. നിർദ്ദേശം നൽകി.
വടകര ആർ.ഡി.ഒ. കെ.കെ. പ്രസിലിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ പ്ലാനിങ്ങ് ഓഫീസർ രത്‌നേഷ്, എം.പി.യുടെ പേഴ്‌സനൽ അസിസ്റ്റന്റ് കെ. പ്രദീപൻ, വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
