Zygo-Ad

വയനാട്ടിൽ വീണ്ടും ഷിഗെല്ല: വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു; നാലുപേർ ലക്ഷണങ്ങളോടെ ചികിത്സയിൽ

 


വയനാട്: വയനാട്ടിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചികിത്സ തേടിയ വിദ്യാർത്ഥിയുടെ പരിശോധനാ ഫലം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ഇതേ കോളേജിലെ മറ്റ് നാല് വിദ്യാർത്ഥികൾ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയാണ്.

കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗലക്ഷണങ്ങളുള്ളവരിൽ ഒരാൾ ഹോസ്റ്റലിലും മറ്റ് മൂന്ന് പേർ പുറത്ത് താമസിക്കുന്നവരുമാണ്. സംഭവത്തെ തുടർന്ന് തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജുവിന്റെ നേതൃത്വത്തിൽ പേര്യ സി.എച്ച്.സി, കോളേജ് അധികൃതർ എന്നിവരെ ഉൾപ്പെടുത്തി അടിയന്തര യോഗം ചേർന്നു. തിങ്കളാഴ്ച രാത്രിയോടെ ലക്ഷണങ്ങളുള്ള എല്ലാ വിദ്യാർത്ഥികളെയും ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പങ്കടുപ്പിച്ച് കോളേജിൽ അവലോകന യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഈ വർഷം ജൂൺ ആദ്യവാരത്തിൽ നെന്മേനി പഞ്ചായത്തിലെ മാർ ബസേലിയസ് എ.യു.പി. സ്കൂളിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. 17 കുട്ടികൾക്ക് രോഗം സ്ഥിരീകരിക്കുകയും 570-ഓളം പേർ ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തിരുന്നു. ജില്ലയിൽ രോഗബാധ പൂർണ്ണമായും നിയന്ത്രണവിധേയമായി ഒരു മാസം തികയുന്നതിനിടെയാണ് വീണ്ടും ഷിഗെല്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ