Zygo-Ad

പാലയാട് ചിറക്കുനിയിൽ ജോലിക്കിടെ ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രികൻ ആക്രമിച്ചതായി പരാതി.


തലശ്ശേരി: പാലയാട് ചിറക്കുനിയിൽ ജോലിക്കിടെ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രികൻ ആക്രമിച്ചു. ഹൃദ്രോഗിയായ ഡ്രൈവർക്ക് നെഞ്ചിനും വാരിയെല്ലിനും ഗുരുതര പരിക്കേറ്റു.

ചിറക്കുനിയിലെ ഓട്ടോ ഡ്രൈവർ ധർമ്മടം ബ്രണ്ണൻ കോളേജിനടുത്ത് ആയിഷാ മൻസിൽ എം. ഇസ്മയിൽ(62) ആണ് ആക്രമണത്തിന് ഇരയായത്.

അക്രമത്തിൽ കുഴഞ്ഞു വീണ ഇസ്മയിലിനെ സഹപ്രവർത്തകർ ചേർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്‌ച ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ചിറക്കുനി മേലൂർ റോഡിലെ കുമാർ ബേക്കറിക്ക് സമീപം ആളെ ഇറക്കിയ ശേഷം ഓട്ടോ സ്റ്റാന്റിലേക്ക് തിരിയുന്നതിനിടെയാണ് സംഭവം.

 ഇൻഡിക്കേറ്റർ തെളിയിച്ച ശേഷം എതിർദിശയിൽ വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തി ഓട്ടോ തിരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ഈ സമയം സ്കൂട്ടറിൽ വന്ന പാലയാട് യൂണിവേഴ്സിറ്റിക്കടുത്ത് കളരി മുക്കിലെ പള്ളേരി ബിജു എന്ന ശ്രീകുമാർ ഓട്ടോ തിരിച്ചതിനെ ചോദ്യം ചെയ്തു. തുടർന്ന് വാക്കുതർക്കമായി. കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞ പ്രതി ഇസ്മയിലിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.

"താൻ ഹൃദ്രോഗിയാണ്, ഉപദ്രവിക്കരുത്" എന്ന് ഡ്രൈവർ കെഞ്ചിയിട്ടും പ്രതി വെറുതെ വിട്ടില്ല. "നീ ജീവിക്കണ്ട" എന്ന് പറഞ്ഞ് നെഞ്ചിലും വാരിയെല്ലിലും മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതോടെ ഇസ്മയിൽ സ്ഥലത്ത് കുഴഞ്ഞുവീണു. എന്നിട്ടും പ്രതി തിരിഞ്ഞു നോക്കാതെ പോവുകയായിരുന്നു.

സംഭവത്തിൽ ധർമ്മടം പോലീസ് കേസെടുത്തു. പ്രതി മുങ്ങിയതായാണ് വിവരം. ഒളിവിൽ പോയ ശ്രീകുമാറിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. നാട്ടുകാർ കുറ്റവാളിക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ