Zygo-Ad

തലശ്ശേരിയിൽ രണ്ട് ലക്ഷം രൂപയുടെ നിരോധിത ഇ സിഗരറ്റുകൾ പിടികൂടി

 


തലശ്ശേരിയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ഇ സിഗരറ്റുകളുടെ വൻശേഖരം പിടികൂടി. നഗരത്തിലെ എവികെ നായർ റോഡിലുള്ള പിലാക്കണ്ടി പ്ലാസയിലെ സൂക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പ് കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ഇ സിഗരറ്റുകൾ, നിക്കോട്ടിൻ പൊടി നിറച്ച ബോട്ടിലുകൾ, ഇത് ഉപയോഗിക്കുന്ന വേപ്സുകൾ എന്നിവയാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ തലശ്ശേരി എസ് ഐ അശ്വതി കുന്നോത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.

സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കൗമാരക്കാർ നിരന്തരം ഈ കട സന്ദർശിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് ഇവിടെ രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. വിദേശ സാധനങ്ങൾ വിൽക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് വഴിയാണ് ലഹരി കൈമാറ്റം നടത്തിയിരുന്നതെങ്കിലും നിരോധിത ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത് തൊട്ടടുത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലായിരുന്നു. രണ്ടിടത്തുമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

ധർമടം സ്വദേശി ഫിനാന്റെ ഉടമസ്ഥതയിലുള്ളതാണ് സൂക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പ്. റെയ്ഡ് നടക്കുന്ന സമയത്ത് ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. പുകയില മണം ഇല്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇത്തരം ലഹരി വസ്തുക്കൾ വാങ്ങാൻ ഇവിടെ എത്തിയിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. റെയ്ഡ് സമയത്ത് കടയിലുണ്ടായിരുന്ന ജീവനക്കാരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. കണ്ടെടുത്ത ലഹരി വസ്തുക്കൾ കോടതിയിൽ ഹാജരാക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും എസ് ഐ അശ്വതി കുന്നോത്ത് അറിയിച്ചു. എസ് ഐമാരായ റഫീഖ്, ഷിനു, സീനിയർ സി പി ഒ മാരായ സുബിൻ ഷമിൽ, റോഷിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

 


വളരെ പുതിയ വളരെ പഴയ