Zygo-Ad

വടകരയിലെ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് കേസില്‍ നിർണായക വഴിത്തിരിവ്: ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍


കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വഴിത്തിരിവായി തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ കടുത്ത വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് പ്രചരിപ്പിച്ച വ്യാജ സ്ക്രീൻഷോട്ട് ആദ്യം 'വടകര സ്ക്വാഡ്' എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ഷെയർ ചെയ്തത് ജിതിൻ ഭാസ്കറാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. 

ഇതിന് പിന്നാലെ നടന്ന വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജിതിൻ ഭാസ്കർ തന്നെയാണ് ഈ വ്യാജ സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ നിലവില്‍ അതീവ രഹസ്യമായി പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കേസില്‍ പുനരന്വേഷണം ഊർജിതമായതോടെ അന്വേഷണ സംഘം 'വടകര സ്ക്വാഡ്' വാട്സ്‌ആപ്പ് ഗ്രൂപ്പിലെ അഞ്ച് അഡ്മിൻമാരെയും വിളിപ്പിച്ചു ചോദ്യം ചെയ്തു. 

ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ഈ വിവാദ സ്ക്രീൻഷോട്ട് ലഭിച്ചത് ഈ ഗ്രൂപ്പില്‍ നിന്നാണെന്ന് വ്യക്തമായതോടെയാണ് അഡ്മിൻ പാനലിലേക്ക് അന്വേഷണം നീണ്ടത്. ഈ ഗ്രൂപ്പിന്റെ അഡ്മിൻമാരില്‍ ഭൂരിഭാഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളാണ്. 

വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിന് പിന്നില്‍ പ്രവർത്തിച്ച യഥാർത്ഥ ബുദ്ധികേന്ദ്രം ആരാണെന്നും, പാർട്ടിയിലെ ഏത് മുതിർന്ന നേതാവിന്റെ നിർദ്ദേശപ്രകാരമാണ് ഇത് പ്രചരിപ്പിച്ചതെന്നുമാണ് അന്വേഷണ സംഘം പ്രധാനമായും വ്യക്തമാക്കാൻ ശ്രമിക്കുന്നത്. 

പുതിയ അന്വേഷണ നീക്കങ്ങള്‍ സിപിഎം നേതൃത്വത്തെ വലിയ രീതിയില്‍ അങ്കലാപ്പിലാക്കിയിട്ടുണ്ട്. വിവാദ സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ട ഇടത് അനുകൂല വാട്സ്‌ആപ്പ് ഗ്രൂപ്പുകളെല്ലാം ഇതിനകം തന്നെ പിരിച്ചുവിട്ട അവസ്ഥയിലാണ്. 

കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടിയിരുന്നുവെങ്കിലും യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസില്‍ നിർണായക പുരോഗതി ഉണ്ടാക്കിയിരിക്കുന്നത്.

പൊലീസ് ചോദ്യം ചെയ്യലിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപ് കേസിലെ മുഖ്യ പ്രതികളിലൊരാളായ റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞിരുന്നു. അറസ്റ്റ് ഭയന്നാണ് ഈ പെട്ടെന്നുള്ള രാജിയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

 റിബേഷിനൊപ്പം മനീഷ്, അതുല്‍ എന്നീ ഡിവൈഎഫ്‌ഐ പ്രവർത്തകരെയും വടകര ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതായി പറയുന്ന 'റെഡ് വോളന്റിയേഴ്സ് ബറ്റാലിയൻ' എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് അതുലും മനീഷും. 

ഇവയെല്ലാം സിപിഎം നിയന്ത്രണത്തിലുള്ള ഗ്രൂപ്പുകളായതിനാല്‍ പാർട്ടിയുടെ ഉന്നത നേതാക്കളുടെ പൂർണ്ണ സമ്മതത്തോടെയാണ് ഈ സൈബർ അക്രമണം നടന്നതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ യഥാർത്ഥ കുബുദ്ധിയെ പുറത്തുകൊണ്ടുവരിക എന്നതാണ് ഇപ്പോള്‍ അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി.

വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ 'അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ ഒരു മുസ്ലിം' ആയി ചിത്രീകരിച്ചും, എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ കെ.കെ. ശൈലജയെ 'മറ്റേയാള്‍ ഒരു കാഫിർ (അവിശ്വാസി) സ്ത്രീയാണ്' എന്ന് വിശേഷിപ്പിച്ചുമായിരുന്നു കുപ്രചാരണം നടന്നിരുന്നത്. 

'നമ്മള്‍ ആർക്കാണ് വോട്ട് ചെയ്യേണ്ടത്?' എന്ന ചോദ്യം ഉന്നയിച്ച്‌ വോട്ടർമാർക്കിടയില്‍ കൃത്യമായ മതപരമായ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്ന സന്ദേശമായിരുന്നു സ്ക്രീൻഷോട്ടില്‍ ഉണ്ടായിരുന്നത്. 

മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും പ്രവർത്തകർ ചേർന്നാണ് കെ.കെ. ശൈലജയ്ക്കെതിരെ ഇത്തരമൊരു വർഗീയ പ്രചാരണം നടത്തുന്നത് എന്ന് വരുത്തി തീർക്കാനായിരുന്നു ഇടത് സൈബർ കേന്ദ്രങ്ങളുടെ ശ്രമം. ആദ്യം ഇടതുപക്ഷ പ്രൊഫൈലുകള്‍ ഇത് വ്യാപകമായി പ്രചരിപ്പിച്ചുവെങ്കിലും യുഡിഎഫ് ഇതിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി.

 മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമാണ് ഇത് നിർമ്മിച്ചതെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ആരോപിക്കുകയും ഇയാളെ പൊലീസ് ആദ്യം പ്രതി ചേർക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാസിമിന് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് പിന്നീട് തെളിഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ 'റെഡ് എൻകൗണ്ടർ', 'റെഡ് ബറ്റാലിയൻ', 'പോരാളി ഷാജി', 'അമ്പാടിമുക്ക് സഖാക്കള്‍' തുടങ്ങിയ ഇടത് അനുകൂല സോഷ്യല്‍ മീഡിയ പേജുകളിലൂടെയും വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് ഈ സന്ദേശം ആദ്യമായി പ്രചരിച്ചതെന്ന് പൊലീസ് തന്നെ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. 

ഡിവൈഎഫ്‌ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണൻ ആണ് 'റെഡ് എൻകൗണ്ടർ' ഗ്രൂപ്പില്‍ ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയെങ്കിലും ഇതിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ അന്ന് കഴിഞ്ഞിരുന്നില്ല. 

റിബേഷ്, 'പോരാളി ഷാജി' പേജിന്റെ അഡ്മിൻ വഹാബ്, മറ്റ് ഇടത് പേജ് അഡ്മിൻമാരായ മനീഷ്, അമല്‍ റാം എന്നിവരെ അന്ന് ചോദ്യം ചെയ്തെങ്കിലും തങ്ങള്‍ക്ക് ഉറവിടം അറിയില്ലെന്ന മൊഴിയിലാണ് അവർ ഉറച്ചു നിന്നത്. 

പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച്‌ മുൻപ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയതോടെ അന്വേഷണം പൂർണ്ണമായി വഴിമുട്ടിയിരുന്നു. 

എന്നാല്‍ സംസ്ഥാനത്ത് ഭരണം മാറിയതോടെ കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പുതിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ജൂണ്‍ മാസത്തില്‍ പുനരന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഈ ശക്തമായ അന്വേഷണമാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ നിർണായക അറസ്റ്റിലേക്ക് വഴിതുറന്നത്.

വളരെ പുതിയ വളരെ പഴയ