കോഴിക്കോട്: മൂഴിക്കല്‍ പൂതംകുഴി വീട്ടില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി നസ്രീന കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി ചേവായൂർ പോലീസ്.
കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണുകളും പ്രതി അദിനാന്റെ ഒരു ഫോണുമാണ് വീട്ടുപറമ്പിലെ കിണറ്റില്‍ നിന്നും പോലീസ് കണ്ടെടുത്തത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അദിനാൻ തന്നെയാവാം ഫോണുകള്‍ കിണറ്റിലെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
കണ്ടെടുത്ത ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. കൊലപാതകത്തിന് മുൻപ് ഇവർ തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്നും മറ്റെന്തെങ്കിലും തർക്കങ്ങള്‍ നിലനിന്നിരുന്നോ എന്നും പരിശോധനയിലൂടെ വ്യക്തമാകും.
അതേ സമയം , വിദേശത്തായിരുന്ന നസ്രീനയുടെ പിതാവ് നിസാർ ചൊവ്വാഴ്ച രാത്രി നാട്ടിലെത്തി. തുടർന്ന് ബുധനാഴ്ച രാവിലെ നസ്രീനയുടെ മൃതദേഹം നിസാറിന്റെ സ്വദേശമായ പൊന്നാനിയിലേക്ക് കൊണ്ടുപോയി ഖബറടക്കി.
ചൊവ്വാഴ്ച പുലർച്ചെ വീടിന്റെ പിൻഭാഗത്തുകൂടി അദിനാൻ അകത്തേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ നല്‍കുന്ന വിവരമനുസരിച്ച് പണത്തെച്ചൊല്ലിയുള്ള തർക്കമാണ് അരുംകൊലയില്‍ കലാശിച്ചത്.
അദിനാൻ വീട്ടില്‍ നിന്ന് 50,000 രൂപ മോഷ്ടിക്കുന്നത് നസ്രീന കണ്ടിരുന്നു. പണം അദിനാന്റെ അലമാരയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.
ഇതിനെത്തുടർന്ന് അദിനാൻ നസ്രീനയുടെ വീട്ടിലേക്ക് വരുന്നത് വീട്ടുകാർ വിലക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.
രാത്രി വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ അദിനാൻ നസ്രീനയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് നസ്രീനയുടെ വല്യുമ്മയെയും അപായപ്പെടുത്താൻ ശ്രമിച്ചെങ്കിലും ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ അദിനാൻ മുറിക്കുള്ളില്‍ കയറി വാതിലടച്ച് മുഖത്ത് പ്ലാസ്റ്റർ ചുറ്റി ആത്മഹത്യ ചെയ്യുകയായിരുന്നു.
