Zygo-Ad

കോഴിക്കോട് പടക്ക നിർമ്മാണത്തിനിടെ സ്ഫോടനം: രണ്ട് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

 


കോഴിക്കോട്: കുന്നമംഗലം കുരിക്കത്തൂരിൽ പടക്ക നിർമ്മാണത്തിനിടെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കുരിക്കത്തൂർ സ്വദേശികളായ രാഹുൽ, സുഹൃത്തായ മറ്റൊരു രാഹുൽ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

വിഷു ആഘോഷങ്ങൾക്കായി പടക്കം നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മുണ്ടിക്കൽതാഴം സ്വദേശി വിഷ്ണുവും ഭാര്യയും വാടകയ്‌ക്കെടുത്ത വീട്ടിലാണ് സ്ഫോടനം നടന്നത്. അപകടസമയത്ത് ഒരു കുട്ടിയടക്കം അഞ്ച് പേർ വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

അനധികൃതമായി വലിയ തോതിൽ പടക്കങ്ങൾ വീട്ടിൽ സൂക്ഷിച്ചിരുന്നതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഉത്തരമേഖല ഐജി രാജ്പാൽ മീണ, സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




വളരെ പുതിയ വളരെ പഴയ