കോഴിക്കോട്:നഗരമധ്യത്തിലെ കോൺവെന്റ് റോഡിലുള്ള 'ചർച്ച് ഓഫ് ഗോഡ്' പള്ളി കോമ്പൗണ്ടിൽ ആറ് മാസം വളർച്ചയുള്ള ആൺകുഞ്ഞിന്റെ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ഫ്രാങ്കോ എന്ന യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബസിൽ എത്തിയ തീർത്ഥാടക സംഘത്തിലെ അംഗമാണ് ഇവർ.
തീർത്ഥാടകർ സഞ്ചരിച്ച ബസിനുള്ളിൽ വെച്ചാണ് യുവതി പ്രസവിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പരിഭ്രാന്തിയിലായ യുവതി ഭ്രൂണം പള്ളി കോമ്പൗണ്ടിൽ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
യുവതിക്ക് ഒന്നര വയസ്സുള്ള മറ്റൊരു കുട്ടിയുണ്ടെന്നും, പെട്ടെന്നുണ്ടായ പ്രസവവേദനയും ഭയവുമാണ് ഭ്രൂണം ഉപേക്ഷിക്കാൻ കാരണമെന്നുമാണ് പ്രാഥമിക മൊഴി. എന്നാൽ ഈ വിശദീകരണം പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
