തലശ്ശേരി: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ സഹിതം രണ്ടുപേരെ തലശ്ശേരി പോലീസ് പിടികൂടി. മാഹി പള്ളൂർ സ്വദേശി മുഹമ്മദ് മസീദ് പി.കെ (31), തലശ്ശേരി മട്ടാമ്പ്രം സ്വദേശി മുഹമ്മദ് നസീഫ് ബി (35) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 70.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസിന്റെ നിർദ്ദേശപ്രകാരം തലശ്ശേരി പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ വലയിലായത്. സംശയം തോന്നിയ കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ് എമ്മിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ ലിംനേഷ്, പ്രവീഷ്, സിപിഒ പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
