Zygo-Ad

മൂഴിക്കലിൽ 16കാരിയെ ശ്വാസം മുട്ടിച്ച് കൊന്നു; ബന്ധുവായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

 


കോഴിക്കോട് മൂഴിക്കലിൽ 16കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മുത്തശ്ശിയെയും വകവരുത്താൻ ശ്രമിച്ചതായാണ് വിവരം. മൂഴിക്കൽ സ്വദേശിനിയായ പെൺകുട്ടിയും ഉമ്മയുടെ സഹോദരിയുടെ മകനായ ഇരുപതുകാരനുമാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വീടിന്റെ മുകൾനിലയിൽ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെയും യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് വീട്ടുകാർ എത്തിയതോടെ യുവാവിനെ ഒരു മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് യുവാവിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മുഖത്ത് സെല്ലോടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു എന്നത് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. ഇയാൾ വിഷം കഴിച്ചിരുന്നതായും സംശയമുണ്ട്.

സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. യുവാവ് വീട്ടിൽ നിന്ന് മോഷണം നടത്താൻ ശ്രമിച്ചത് പെൺകുട്ടി കണ്ടെത്തിയിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അഞ്ച് മാസം മുൻപ് ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. തിങ്കളാഴ്ച രാത്രി ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്തുകയറിയ യുവാവ് സിസിടിവി ക്യാമറകൾ ഓഫാക്കിയ ശേഷമാണ് കൃത്യം നടത്തിയത്.

സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് ചേവായൂർ പോലീസ് അറിയിച്ചു.




വളരെ പുതിയ വളരെ പഴയ